ഉറ്റ സുഹൃത്തിന്റെ വീട്ടിൽ മോഷണം നടത്തിയത് അതിവിദഗ്ദ്ധമായി, പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഒപ്പം പോയി, ഒടുവിൽ വമ്പൻ ട്വിസ്റ്റ്
പേരൂർക്കട : വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പിടിയിലായത് പരാതി നൽകാൻ വാദിക്കൊപ്പം പോയ സുഹൃത്ത്. പേരൂർക്കട ഇന്ദിരാനഗർ കീഴേകല്ലുമല പുത്തൻവീട്ടിൽ ഗിരീഷിനെയാണ് (20) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്.വട്ടിയൂർക്കാവ് നെട്ടയം മണികണ്ഠേശ്വരം അയോദ്ധ്യ നഗറിൽ താമസക്കാരനായ അജിത് എന്നയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. ആഭരണങ്ങൾ കാണാതായതിനെത്തുടർന്ന് അജിത് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. പരാതി നൽകാൻ അജിത്തിനൊപ്പം സുഹൃത്തായ ഗിരീഷുമുണ്ടായിരുന്നു. അജിത്തിനൊപ്പം വെൽഡിംഗ് ജോലികൾക്ക് പോകുന്നയാളാണ് ഗിരീഷ്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വി.അജേഷിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ മോഷണം നടത്തിയത് ഗിരീഷാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.