കാസർകോട്:ചീമേനിയിൽ വ്യവസായ പാർക്കിന് സാധ്യതയേറുന്നു. ജില്ലാ കലക്ടർ സജിത് ബാബുവിന്റെ നേതൃത്വത്തിൽ ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ചീമേനിയിൽ ഐടി പാർക്ക് നിർമിക്കുന്നതിന് 100 ഏക്കർ സ്ഥലത്ത് അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് നേരത്തെ ചുറ്റുമതിലും കെട്ടിട നിർമാണത്തിനുള്ള അടിത്തറയും നിർമിച്ചിരുന്നു. എന്നാൽ ഗ്രാമീണ മേഖലകളിൽ ഐടി പാർക്കുകൾക്ക് സാധയതയില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തദ്ദേശീയ ജനങ്ങൾക്ക് തൊഴിൽ ലഭിക്കും വിധം വ്യവസായ പാർക്ക് എന്ന ആശയം മുന്നോട്ടു വന്നത്. എം രാജഗോപാലൻ എംഎൽഎ നിർദേശിച്ചതിനെ തുടർന്ന് ഇതിനായി 2019 –-20 സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടു പോകുകയായിരുന്നു. ഇതേ തുടർന്ന് ജില്ലാ കലക്ടർ വകുപ്പു മേധാവികളുടെ യോഗം വിളിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് സ്ഥലം സന്ദർശിച്ചത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത്, അസിസ്റ്റന്റ് ഡയറക്ടർ സജിത്ത്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, പിഡബ്ല്യുഡി ബിൽഡിങ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽ, ഹാർബർ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സുനീഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.