ഒരു ലിറ്റർ പെട്രോളിന് 272 രൂപ, മണ്ണെണ്ണയ്ക്ക് 202 രൂപ : പൂർണമായ തകർച്ചയ്ക്ക് ആക്കംകൂട്ടി പാകിസ്ഥാനിൽ വൻ വിലക്കയറ്റം, ജനങ്ങൾ അധികാരം പിടിക്കുമോ എന്ന ഭീതിയിൽ ഭരണാധികാരികൾ
ഇസ്ലാമാബാദ്: പെട്രോൾ, ഡീസൽ വിലകൾ വീണ്ടും കുത്തനെ ഉയർത്തി പാകിസ്ഥാൻ. പെട്രോൾ ഒരുലിറ്ററിന് 22 രൂപയും ഹൈസ്പീഡ് ഡീസലിന് 17 രൂപയുമാണ് ഇന്നലെ അർദ്ധരാത്രി മുതൽ കൂടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 272 രൂപയായി വില. ഹൈസ്പീഡ് ഡീസല് ലിറ്ററിന് 280 രൂപ നല്കണം. ഇതിനൊപ്പം മണ്ണെണ്ണയുടെ വിലയും കാര്യമായി കൂടി. ഒരുലിറ്റർ മണ്ണെണ്ണ കിട്ടണമെങ്കിൽ 202 രൂപ കൊടുക്കണം. വിലയിൽ അല്പം കുറവുള്ളത് ലൈറ്റ് ഡീസലിനാണ്. ലിറ്ററിന് 196 രൂപയാണ് വില. ഇപ്പോൾ തന്നെ കിട്ടാക്കനിയായ ഗ്യാസിന്റെ വിലയിലും കാര്യമായ വർദ്ധനവുണ്ട്. ഇന്ധനവില ഇനിയും കൂടിയേക്കുമെന്നും റിപ്പോർട്ടുണ്ട്.കടക്കെണിയിൽ പൊറുതിമുട്ടുന്ന പാകിസ്ഥാൻ ഐ എം എഫിന്റെ വായ്പകൾ കിട്ടുന്നതിനുവേണ്ടിയാണ് ഇന്ധന വില വൻതോതിൽ കൂട്ടിയത്. നിബന്ധനകൾ പാലിച്ചാൽ മാത്രമേ വായ്പ തരൂ എന്ന് ഐ എം എഫ് പാകിസ്ഥാന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. നിത്യച്ചെലവിനുപോലും പണമില്ലാതെ രാജ്യം മറ്റൊരു ശ്രീലങ്കയാകുമെന്ന് ഏറക്കുറെ ബോദ്ധ്യപ്പെട്ടപ്പോഴാണ് നിബന്ധനകൾ അനുസരിക്കാൻ പാകിസ്ഥാൻ തയ്യാറായത്.ഇന്ധനവില വർദ്ധന നിലവിൽ വന്നതോടെ ജനങ്ങളുടെ ജീവിതം കൊടിയ ദുരിതത്തിലാക്കി. നേരത്തേ തന്നെ വൻ വിലക്കയറ്റമാണ് പാകിസ്ഥാനിൽ. പുതുക്കിയ ഇന്ധനവില നിലവിൽ വന്നതോടെ അത് ഭയാനകമായ അവസ്ഥയിലെത്തി. പലയിടത്തും അത്യാവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. വിലക്കയറ്റം പണപ്പെരുപ്പം കൂട്ടിയേക്കും എന്ന ആശങ്കയും ഉണ്ട്.ഐ എം എഫ് വായ്പ ലഭിച്ചാൽ ഇതെങ്ങനെ തിരിച്ചടയ്ക്കുമെന്ന ചോദ്യവുമായി സാമ്പത്തിക വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് ഉത്തരം നൽകാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ വിലക്കയറ്റത്തിനെതിരെ ജനങ്ങൾ ചിലയിടങ്ങളിൽ തെരുവിലറങ്ങിയിട്ടുണ്ട്. ഇത് സംഘടിത രൂപം പൂണ്ട് ശ്രീലങ്കയിലേതുപോലെ വൻ പ്രക്ഷോഭമായി മാറിയേക്കുമെന്ന് ഭയത്തിലാണ് ഭരണകൂടം.