2018ല്‍ തായ്ലന്റിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു
ലെസ്റ്റര്‍ഷെയര്‍: നിരവധി ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 2018ല്‍ വടക്കന്‍ തായ്ലന്റിലെ ഗുഹയിൽ രക്ഷിച്ച ഫുട്ബോള്‍ ടീമംഗം ലണ്ടനില്‍ മരിച്ചു. തായ്ലന്റിലെ ഗുഹയില്‍ കുടുങ്ങിയതിന് ശേഷം രക്ഷിച്ച 12 ആണ്‍കുട്ടികളിലൊരാളായ 17കാരനെ ലണ്ടനിലെ ലെസ്റ്റര്‍ഷെയറിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ് ലണ്ടനിലെ ഫുട്ബോള്‍ അക്കാദമിയില്‍ ചേര്‍ന്നത്.
ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ചയാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ് മരിച്ചത്. തായ്ലാന്റിലെ വൈല്‍ഡ് ബോര് ടീമിലെ ക്യാപ്റ്റനായിരുന്നു ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്. 2018ല്‍ തായ്ലാന്റിലെ ചിയാംഗ് റായ് പ്രവിശ്യ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഘം ഗുഹയില്‍ കുടുങ്ങിയത്. രണ്ട് ആഴ്ചയോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു ഇവരെ പുറത്ത് എത്തിക്കാന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ ചിരിയോടെ നിന്ന ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിന്റെ ചിത്രം അന്നത്തെ വൈറല്‍ ചിത്രങ്ങളിലൊന്നായിരുന്നു. ഡുഗാങ്പെറ്റ്ച്ച് പ്രോംതേപിന്റെ മരണത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന നിലപാടിലാണ് പൊലീസുള്ളത്.
മരണവിവരം പുറത്ത് വന്നതിന് പിന്നാലെ അനുശോചന പ്രവാഹമാണ് ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിന്റെ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. നേരത്തെ ബ്രൂക്ക് ഹൌസ് കോളേജ് ഫുട്ബോള്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച വിവരം ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബ്രിട്ടനിലെ തായ്ലന്ഡ് അംബാസിഡറും തങ്ങളുടെ അനുശോചനം ഡുഗാങ്പെറ്റ്ച്ച് പ്രോംതേപ്പിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
2018 ജൂലൈ മാസത്തില്‍ 12 കുട്ടികളും പരിശീലകനുമാണ് തായ്ലാന്റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ആയിരത്തിലധികം പേർ പങ്കെടുത്ത 9 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സാധിച്ചത്. മൂന്ന് ദിവസത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് ഗുഹയില്‍ നിന്ന് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. 90 മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മുങ്ങല്‍ വിദഗ്ധന്‍ ജീവന് നഷ്ടമായിരുന്നു.
11 മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നു ഗുഹയില്‍ കുടുങ്ങിയത്. സംഘം ഗുഹയ്ക്കുള്ളില്‍ കയറിയതിന് പിന്നാലെ മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയതോടെയാണ് ഇവര്‍ പുറത്തുവരാൻ കഴിയാതെ ഗുഹയില്‍ കുടുങ്ങിയത്. എന്നാല്‍ ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും വനപാലകര്‍ കണ്ടതാണ് വിനോദസഞ്ചാര സംഘത്തിന് തുണയായത്.