കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ വച്ച് മലയാളിക്ക് ദാരുണാന്ത്യം; സ്വീകരിക്കാനെത്തിയ ഭാര്യയെ തേടിയെത്തിയത് ഹൃദയം നടുക്കുന്ന വാർത്ത
ലണ്ടൻ: കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ വച്ച് മലയാളി മരണപ്പെട്ടു. ബ്രിട്ടനിലെ നോട്ടിംഗ്ഹാംമിന് സമീപം ഡെർബിഷെയറിലെ ഇൽക്കിസ്റ്റണിൽ താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ് നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എ1 – 149 വിമാനത്തിൽ വച്ചായിരുന്നു സംഭവം. ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മുന്നിലേയ്ക്കെത്തിയത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു.യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കൽ പ്രൊഫഷണൽസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇക്കാര്യം യാത്രക്കാരന്റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അറിയിക്കണമെന്നും പൊലീസിന്റെയും ആംബുലൻസിന്റെയും സഹായം ആവശ്യമുണ്ടെന്നുമുള്ള അടിയന്തര സന്ദേശം വിമാനത്തിൽ നിന്ന് എയർ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് എത്തിയിരുന്നു. മൃതദേഹം ഇപ്പോൾ ഹീത്രു വിമാനത്താവളത്തിലാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.മൂവാറ്റുപുഴ സ്വദേശിയായ ദിലീപ് ഫ്രാൻസിസ് ജോർജ് ആദ്യഭാര്യയുടെ മരണശേഷം പാകിസ്ഥാൻ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു. മൂന്ന് മക്കളുണ്ട്. വിമാനത്തിൽനിന്നും ലഭിച്ച സന്ദേശം എയർ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.