തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രയേലി ഗൂഢസംഘം, ഇന്ത്യയിലും ഇടപെട്ടു
ന്യൂഡൽഹി: സോഷ്യൽ മീഡിയയെ ഉപയാേഗിച്ചുള്ള വ്യാജ പ്രചരണങ്ങളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അട്ടിമറികൾ നടത്തിയ ഇസ്രയേലി ഗൂഢസംഘത്തിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് മാദ്ധ്യമമായ ദി ഗാർഡിയൻ മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെയാണ് ടീം ഹൊഹേ എന്ന സംഘത്തിന്റെ ഇടപെടലുകൾ വെളിച്ചത്തുകൊണ്ടുവന്നത്. മുൻ ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനാണ് ഹൊഹേ ടീം രൂപീകരിച്ചത്.നേരത്തേ ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് വൻ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ഹൊഹേക്കുറിച്ചുള്ള വെളിപ്പെടുത്തൽ.
പ്രത്യേക സോഫ്റ്റ്വെയർ വഴി ഉണ്ടാക്കിയ അയ്യായിരത്തോളം ബോട്ടുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങൾ ലക്ഷ്യം നേടിയെന്നും ഹൊഹേ ടീം അവകാശപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഒരു വമ്പൻ കമ്പനിക്കുവേണ്ടി വ്യവസായ തർക്കത്തിലാണ് ഇടപെട്ടത്.
ഒളിക്യാമറയുമായി എത്തിയ മാദ്ധ്യമസംഘത്തോടെയാണ് ഹൊഹേ ടീം മേധാവി ഓപ്പറേഷനുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. നുണകൾ പ്രചരിപ്പിക്കുന്നതിനായി എങ്ങനെ വ്യാജ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഉപയോഗിക്കുന്നു എന്ന് മേധാവി തന്നെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ഇടപെടൽ നടത്തിയ രാജ്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.