ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതിന് സ്ത്രീത്വത്തെ അപമാനിച്ചു, ആകാശ് തില്ലങ്കേരിയെ ചോദ്യംചെയ്യും
കണ്ണൂർ:സോഷ്യൽ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയെ പൊലീസ് ഇന്ന് ചോദ്യംചെയ്യും.ക്വട്ടേഷൻ സംഘവുമായുള്ള ആകാശിന്റെ ബന്ധത്തെക്കുറിച്ച് ഡി വൈ എഫ് ഐ കമ്മറ്റിയിൽ സംസാരിച്ചതിന് ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി. ആകാശ് തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി.
അതേസമയം, സോഷ്യൽ മീഡിയയിലൂടെ വീണ്ടും കൊലവിളി പരാമർശങ്ങൾ തുടരുകയാണ് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് ആകാശിന്റെ ഉറ്റസുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ്. സി പി. എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊലവിളി പരാമർശങ്ങൾ തുടരുന്നത്.