പ്രതിഷേധം കനത്തിട്ടും പിന്നോട്ടില്ല: ബി ബി സി റെയ്ഡ് ഇന്നും തുടരുന്നു
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടുത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബി.ബി.സിയെ നികുതി വെട്ടിപ്പിൽ കുടുക്കാനുള്ള ആദായ നികുതി പരിശോധന മുംബയ്, ഡൽഹി ഓഫീസുകളിൽ ഇന്നും തുടർന്നു.ഇന്ത്യയിൽ നിന്നുള്ള ലാഭവിഹിതത്തിന് നികുതി അടയ്ക്കുന്നതിൽ നടത്തിയ തിരിമറി കണ്ടെത്താൻ അക്കൗണ്ട് ബുക്കുകൾ, കമ്പ്യൂട്ടറുകൾ, ജീവനക്കാരുടെ മൊബൈലുകൾ എന്നിവയിലെ വിവരങ്ങൾ പകർത്തുന്ന ജോലിയാണ് പുരോഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.ചൊവ്വാഴ്ച രാത്രിയോടെ മാദ്ധ്യമ പ്രവർത്തകരെയും മറ്റ് ജീവനക്കാരെയും പോകാൻ അനുവദിച്ചെങ്കിലും സാമ്പത്തിക, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരെ വിട്ടില്ല. പരിശോധനയുമായി പരമാവധി സഹകരിക്കുന്നുണ്ടെന്ന് ബി.ബി.സി അറിയിച്ചു. വാർത്താ വിഭാഗം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഓഫീസിൽ എത്തുന്നത്.അതിനിടെ പരിശോധനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയുള്ള പരിശോധന ദുഷ്ടലാക്കോടെയാണെന്ന് ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ തുടങ്ങിയ അമേരിക്കൻ പത്രങ്ങൾ വിമർശിച്ചു.വിമർശനങ്ങൾക്കുള്ള ഇത്തരം പ്രതികരണം വളർന്നുവരുന്ന ശക്തിയെന്ന നിലയിൽ ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി.2014 മുതൽ ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് വിമർശിച്ചു. യു.കെ സർക്കാർ മൗനം പാലിക്കുന്നതിനെക്കുറിച്ചായിരുന്നുബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്റെ വിമർശനം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും പ്രതിഷേധക്കുറിപ്പുകൾ ഇറക്കിയിട്ടുണ്ട്.