വനിതാ പ്രീമിയര്‍ ലീഗ്; ആര്.സി.ബി.യുടെ തലപ്പത്തേക്ക് സാനിയ മിര്‍സ
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉപദേശകയായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. മാര്‍ച്ച് നാലുമുതല്‍ 26 വരെ മുംബൈയിലാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് നടക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സുമായി മാര്‍ച്ച് അഞ്ചിന് മുംബൈയിലാണ് ആര്.സി.ബി.യുടെ മത്സരം.
ബെംഗളൂരുവിന്റെ വനിതാ ടീം ഉപദേശകയാവുന്നതില്‍ സന്തോഷമുണ്ടെന്ന് സാനിയ മിര്‍സ പ്രതികരിച്ചു. വനിതാ പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. വലിയ ജനപ്രീതിയുള്ള ടീമാണ് ബെംഗളൂരു. അവര്‍ ഒരു വനിതാ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് രാജ്യത്തെ വനിതാ കായിക രംഗത്ത് പുതിയ ഉയര്ച്ചകളുണ്ടാക്കും. കായികമേഖലയ്ക്ക് ആദ്യ പരിഗണന നല്കാന് പെണ്‍കുട്ടികളെ ഇത് സഹായിക്കുമെന്നും സാനിയ മിര്‍സ പറഞ്ഞു.
ടെന്നിസില്‍ ആറ് ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടിയ താരമാണ് സാനിയ. 2023 ഓസ്ട്രേലിയന്‍ ഓപ്പണില്‍ രോഹന് ബൊപ്പണ്ണയോടൊപ്പം മിക്സഡ് ഡബിള്‍സില്‍ പങ്കെടുത്തിരുന്നു. ഈ മത്സരത്തില്‍ ഫൈനല്‍ കളിച്ച് റണ്ണേഴ്സപ്പായി.
പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ വന്‍ ടീമിനെയാണ് ബംഗളൂരു ലേലത്തില്‍ വിളിച്ചെടുത്തത്. റെക്കോഡ് തുകയ്ക്കാണ് ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ ടീമിലെത്തിച്ചത് (3.4 കോടി രൂപ). ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ എലിസ് പെരി, ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഹീഥര്‍ നൈറ്റ്, ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സോഫീസ ദെവിന്‍ എന്നീ പ്രമുഖര്‍ ബംഗളൂരുവിലാണ് മത്സരിക്കുക.