ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രം അറിയുന്ന കാര്യങ്ങളുണ്ട്, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് റിപ്പോർട്ട്. അന്വേഷണം വഴിതെറ്റിക്കാനും ശിവശങ്കർ ശ്രമിച്ചതായാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് മാത്രമറിയാവുന്ന കാര്യങ്ങൾ പലതുമുണ്ട്. ഇതിനായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇക്കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.ശിവശങ്കറിന്റെ ഫോണിലെ ചാറ്റുകളിൽ നിന്നും പല ഇടപാടുകളുടെയും രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ കേസിൽ അദ്ദേഹത്തിനുള്ള പങ്ക് വ്യക്തമാകുമെന്നും ഇ.ഡി പറയുന്നു.ഇന്നലെ രാത്രിയിൽ 11.30ഓടെയാണ് 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തോളം തുടർച്ചയായി ശിവശങ്കറിനെ ചോദ്യംചെയ്യലിന് വിധേയനാക്കിയിരുന്നു. ഇന്ന് 12.15ഓടെ അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം ഇ.ഡി ഓഫീസിലേക്ക് തിരികെ കൊണ്ടുവന്നു. ഇ.ഡിയെടുത്ത ലൈഫ് മിഷൻ കേസിൽ ആദ്യ അറസ്റ്റാണിത്. നിലവിൽ അഞ്ചാം പ്രതിയാണ് എം.ശിവശങ്കർ.എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ വൈകാതെ ശിവശങ്കറിനെ ഹാജരാക്കും. കേസിൽ പ്രതിസ്ഥാനത്തുള്ള യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നാ സുരേഷ്, സരിത്ത് എന്നിവരുടെ മൊഴി ശിവശങ്കറിന് എതിരായിരുന്നു. സ്വപ്നയുടെ പേരിലെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന ഒരുകോടിയോളം രൂപ ഈ ഇടപാടിലെ കൈക്കൂലിപ്പണമായിരുന്നു എന്ന് സ്വപ്ന മൊഴി നൽകിയിരുന്നു.