അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തുചെന്ന്; അന്തിമ റിപ്പോർട്ട് പുറത്ത്
കാസർകോട് ∙ പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ കെ.അഞ്ജുശ്രീ പാർവതി(19)യുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് അന്തിമ പരിശോധന ഫലം. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അഞ്ജുശ്രീയുടെ ആന്തിരികാവയങ്ങളുടെ സാംപിൾ കോഴിക്കോട്ടെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു മരണകാരണം എലിവിഷമാണെന്ന് വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന അറിയിച്ചു.
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജിലെ രണ്ടാം വർഷം ബികോം വിദ്യാർഥിനിയും പരേതനായ എ.കുമാരൻ നായരുടെയും കെ.അംബികയുടെയും മകളുമായ അഞ്ജുശ്രീ കഴിഞ്ഞ ജനുവരി 7ന് രാവിലെ 5.15നാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 31ന് രാത്രി ഹോട്ടലിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം കഴിച്ച ശേഷമാണു മരണമെന്നു ബന്ധുക്കൾ മേൽപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുടമയ്ക്കെതിരെ കേസെടുക്കുകയും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടൽ അടപ്പിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു.
ഇതു കരളിനെ ബാധിച്ചതിനെത്തുടർന്നാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി എഴുതിയതാണെന്ന് കരുതുന്ന ചില കുറിപ്പുകൾ പൊലീസ് കണ്ടെത്തിയിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും മറ്റ് അന്വേഷണം തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.