കൊച്ചി: തായ്ലൻഡ് സ്വദേശിനി കൊച്ചിയില്‍ പീഡനത്തിനിരയായി. ബുധനാഴ്ച രാത്രിയാണ് സംഭവം. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്കി. എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് പീഡനം നടന്നുവെന്നാണ് യുവതിയുടെ മൊഴി.
പരാതിയില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മുഹമ്മദ് ഇന്‍സാഫിനെ സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആളാണ് പീഡനത്തിനിരയായ യുവതി. യുവതിയുടെ മകന് മലപ്പുറത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ എത്തിയിട്ടുമുണ്ട്. കേരളത്തിലേക്കുള്ള ഇവരുടെ യാത്രകളില്‍ സഹായിയായിരുന്ന ആളായിരുന്നു മുഹമ്മദ് ഇന്‍സാഫ്.
ഇയാള്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് യുവതി കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുക്കുകയും മുറിയില്‍ വെച്ച് യുവതിയെ സുഹൃത്തായ അന്‍സാരിക്കൊപ്പം പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയും അവര്‍ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു.
സംഭവ സ്ഥലത്തെത്തിയ പോലീസ് പരാതി രേഖപ്പെടുത്തി കേസെടുത്തു. തുടര്‍ന്നാണ് മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവര്‍ അറസ്റ്റിലാകുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് നല്കുന്ന വിവരം.