മൂന്നുവര്‍ഷത്തെ പ്രണയം, ആറുമാസമായി ഒരുമിച്ച് താമസം; നഴ്സിനെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചു
നഴ്സായ മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം വഹിച്ചിരുന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഹര്‍ദിക്കിന് ജോലിയൊന്നും ഉണ്ടായിരുന്നില്ല.
മുംബൈ: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുംബൈയില്‍ നഴ്സായ മേഘ(37)യെ കൊലപ്പെടുത്തിയ കേസിലാണ് പങ്കാളിയായ ഹര്‍ദിക് ഷായെ പോലീസ് പിടികൂടിയത്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ഇയാളെ പാല്‍ഘറിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ റെയില്‍വേ പോലീസാണ് കസ്റ്റഡിയിലെടുത്തത്.
മുംബൈയ്ക്ക് സമീപത്തെ വാടകവീട്ടില്‍വെച്ചാണ് ഹര്‍ദിക് ഷാ കാമുകിയും പങ്കാളിയുമായ മേഘയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നഴ്സായി ജോലിചെയ്യുന്ന മേഘയും ഹര്‍ദിക്കും മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ആറുമാസം മുമ്പാണ് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചത്. ഒരുമാസം മുമ്പ് നിലവിലെ വാടകവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
നഴ്സായ മേഘയാണ് വീട്ടിലെ ചെലവുകളെല്ലാം വഹിച്ചിരുന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഹര്‍ദിക്കിന് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
മേഘയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും വില്‍പ്പന നടത്തിയശേഷം ഈ പണവുമായാണ് ഹര്‍ദിക്ക് കടന്നുകളഞ്ഞത്. എന്നാല്‍ കൊലപാതകവിവരം അറിഞ്ഞതിന് പിന്നാലെ പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പ്രതി ട്രെയിനിലാണ് രക്ഷപ്പെട്ടതെന്ന വിവരം ലഭിച്ചതോടെ പോലീസ് ഇയാളെ പിന്തുടരുകയും റെയില്‍വേ പോലീസിനെ വിവരമറിയിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു.