42ാം നിലയില്‍ നിന്ന് കല്ല് താഴേക്ക്; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, കാറുകള്‍ തകര്‍ന്നു
മുംബൈ: മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനു മുകളില്‍നിന്ന് കല്ലുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ശബീര്‍, ഇംറാന്‍ എന്നിവരാണ് മരിച്ചത്.
മുംബൈയിലെ വോര്‍ലിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 42 നിലയുള്ള, നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് ഭീമന് കല്ല് താഴേക്കു പതിച്ചത്. താഴെ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കല്ല് താഴേക്കുവീണ് അപകടമുണ്ടായത്. ഈ സമയത്ത് ശബീറും ഇംറാനും കെട്ടിടത്തിനടുത്തുള്ള ഹൗസിങ് സൊസൈറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു.
ഇരുവരും ചായ കുടിക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.