‘അന്ന് ഗാംഗുലിക്കെതിരെ കോലി നുണ പറഞ്ഞു, തന്നെ ആര്‍ക്കും തൊടാനാവില്ലെന്ന കോലി കരുതി’; ചേതന്‍ ശര്‍മ
മുംബൈ: വിരാട് കോലി-സൗരവ് ഗാംഗുലി പോരില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തി ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ. ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് വിരാട് കോലി ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ നടന്ന വിവാദസംഭവങ്ങളെക്കുറിച്ച് ചേതന്‍ ശര്‍മ തുറന്നു പറയുന്നത്.
ടി20 ലോകകപ്പിന് ഒരു മാസം മുമ്പെ ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് താന്‍ കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗാംഗുലി പിന്നീട് വെളിപ്പെടുത്തി. ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ പ്രസിഡന്റായിരുന്ന ഗാംഗുലി നായകസ്ഥാനം ഒഴിയരുതെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോലി പറഞ്ഞത് കോലിയും ബിസിസിഐയും തമ്മിലുള്ള തര്‍ക്കമായി വളരുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പിന്നാലെ കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. ഇതിനെക്കുറിച്ചാണ് ചേതന്‍ ശര്‍മ ഒളിക്യാമറയില്‍ പറയുന്നത്.
ടി20 ലോകകപ്പിന് മുമ്പ് കോലിയും സെലക്ടര്‍മാരും ഗാംഗുലിയുമെല്ലാം പങ്കെടുത്ത ഓണ്‍ ലൈന്‍ മീറ്റിംഗിലാണ് നായകസ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് കോലി പറഞ്ഞത്. എന്നാല്‍ ഒന്നു കൂടി ആലോചിച്ചിട്ട് തീരുമാനെടുത്താല് പോരെ എന്ന് ആ മീറ്റിംഗില്‍ തന്നെ ഗാംഗുലി ചോദിച്ചിരുന്നു. ഒമ്പത് പേര് പങ്കെടുത്ത മീറ്റിംഗില്‍ ഒരുപക്ഷെ ഗാംഗുലി പറഞ്ഞത് കോലി കേട്ടിട്ടില്ലായിരിക്കാം. എന്നാല്‍ ഗാംഗുലി അത് പറഞ്ഞിരുന്നുവെന്നത് ഉറപ്പാണ്. പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ കോലി എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതെന്തായാലും കോലി നുണ പറയുകയായിരുന്നു. കാരണം കോലി അത്തരമൊരു പ്രസ്താവന നടത്തിയതോടെ അത് കളിക്കാരനും ബിസിസിഐയും തമ്മിലുള്ള തര്‍ക്കമായി. സ്വാഭാവികമായും അവിടെ നഷ്ടം സംഭവിക്കുക കളിക്കാരനായിരിക്കും. ബിസിസിഐ പ്രസിഡന്റിന്റെ ഭാഗത്ത് പിഴവ് സംഭവിച്ചുവെങ്കില്‍ ബോര്‍ഡ് ആ വിഷയം കൈകാര്യം ചെയ്യുമായിരുന്നു.