മാങ്ങാമോഷണ കേസ്; പൊലീസുകാരൻ ഷിഹാബിന്റെ തൊപ്പി തെറിക്കുമോ എന്ന് 15 ദിവസത്തിനകം അറിയാം
തിരുവനന്തപുരം: മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയായ ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി വി ഷിഹാബിനെ പിരിച്ചുവിട്ടേക്കും. പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയിൽ ഷിഹാബിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പൊലീസ് സൂപ്രണ്ട് വി യു കുര്യാക്കോസ് ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരമാണിത്. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മാങ്ങാമോഷണത്തിന് പുറമേ മറ്റ് രണ്ട് കേസുകളിൽ അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേയ്ക്ക് ഷിഹാബിന്റെ പേര് വരുന്നതിന് കാരണമായി. കഴിഞ്ഞ വർഷം സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച കേസിൽ ഇയാൾ പിടിയിലായത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷണം പോയെന്നാണ് കടയുടമയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരൻ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീർപ്പാക്കി.
2019ൽ പാക്കാനം സ്വദേശിനി മുണ്ടക്കയം പൊലീസിന് നൽകിയ പരാതിയിൽ ഷിഹാബ് അറസ്റ്റിലായിരുന്നു. പീഡനക്കേസിൽ ഇയാൾ സസ്പെൻഷനിലായിട്ടുണ്ട്. സ്ത്രീകളെ ശല്യം ചെയ്ത കേസിലും മുണ്ടക്കയം പൊലീസ് ഷിഹാബിനെതിരെ കേസെടുത്തിരുന്നു. സേനയുടെ ഭാഗമാകുന്നതിന് മുമ്പ് വീടുകയറി ആക്രമിച്ചെന്ന കേസിലും പ്രതിയായിരുന്നു.