തൃശൂരിൽ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മോഹനനെയും ആദർശിനെയും വീട്ടിലെ ഹാളിലും മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. രാവിലെ കടയിൽ സാധനം വാങ്ങാനെത്തിയവർ കട തുറക്കാതിരുന്നത് അന്വേഷിച്ചപ്പോഴാണ് മോഹനനെയും കുടുംബത്തെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കതക് ചവിട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.ആദർശ് കാറളം വി എച്ച് എസ് ഇ സ്കൂൾ വിദ്യാർത്ഥിയാണ്. മോഹനന്റെ മകൾ ഭർത്താവിനൊപ്പം വിദേശത്താണ് താമസം. മോഹനനും കുടുംബത്തിനും സാമ്പത്തിക ബാദ്ധ്യത ഉള്ളതായി അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.