കൊച്ചിയിൽ മിന്നൽ പരിശോധന; എത്തിച്ചത് ചീഞ്ഞതും നല്ലതും ഇടകലർത്തി
കൊച്ചി: ചമ്പക്കര ചന്തയിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു. കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് അഴുകിയ മീൻ പിടിച്ചെടുത്തത്. കർണാടകയിൽ നിന്നാണ് മീൻ കൊണ്ടുവന്നത്. നല്ല മീനും അഴുകിയ മീനും ഇടകലർത്തി എത്തിക്കുകയായിരുന്നു. മീൻ പിടിച്ചെടുത്തതിന് പിന്നാലെ ലോറി ഡ്രൈവറെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ആഴ്ചയിലും എറണാകുളത്ത് പഴകിയ മീൻ പിടിച്ചെടുത്തിരുന്നു. എറണാകുളം മരടിൽ നിർത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്നറുകളിൽ നിന്നാണ് പുഴുവരിച്ച മീൻ പിടിച്ചെടുത്തത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി അഴുകിയ മീൻ കണ്ടെത്തിയത്. മരടിൽ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറുകളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. ഒരു കണ്ടെയ്നറിൽ 100 പെട്ടിയും മറ്റൊന്നിൽ 64 പെട്ടി അഴുകിയ മീനുമാണ് ഉണ്ടായിരുന്നത്.