നെടുമ്പാശേരി: പിറന്നാൾ സമ്മാനമെന്ന വ്യാജേന പാവക്കുള്ളിൽ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് എക്സൈസ് പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഷാർജയിലേയ്ക്ക് 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പാവ അയച്ച കൊല്ലം സ്വദേശി സഞ്ജു സാമുവൽ എന്നയാൾക്കെതിരെ കേസെടുത്തു. കൊല്ലത്തെ ഒരു പ്രമുഖ കൊറിയർ സ്ഥാപനം വഴിയാണ് പാവക്കുട്ടിയെ അയച്ചത്. ഇത് നെടുമ്പാശേരിയിൽ എത്തിയപ്പോൾ സംശയം തോന്നിയ കൊറിയർ അധികൃതർ ആലുവ എക്സൈസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പാവക്കുട്ടിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഷാർജയിലെ ഒരു കമ്പനിയിലെ മേൽവിലാസത്തിൽ നിസാർ എന്നയാൾക്കാണ് കൊറിയർ അയക്കാൻ ലക്ഷ്യമിട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഷാർജയിലേക്കും വ്യാപിപ്പിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.