ഇൻസ്റ്റഗ്രാം കാമുകനെത്തേടി മലപ്പുറംകാരി തമിഴ്നാട്ടിൽ തങ്ങിയത് മൂന്നുമാസം, ഒടുവിൽ 22കാരിയെ ഭർത്താവിനൊപ്പം വിട്ടയച്ചു
ചെന്നൈ: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനെത്തേടി തമിഴ്നാട്ടിലെത്തിയ മലപ്പുറം സ്വദേശിയായ 22കാരിയെ പൊലീസ് കണ്ടെത്തി. കാമുകനെത്തേടി മൂന്നുമാസം മുൻപാണ് യുവതി തമിഴ്നാട് ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്.വിവാഹശേഷം സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. ദിണ്ടിഗലിലെ സ്പിന്നിംഗ് മില്ലിൽ മാനേജരെന്നായിരുന്നു ഇയാൾ പരിചയപ്പെടുത്തിയത്. എന്നാൽ ദിണ്ടിഗലിൽ എത്തിയെങ്കിലും യുവതിയ്ക്ക് കാമുകനെ കണ്ടെത്താനായില്ല. തുടർന്ന് അവിടെവച്ച് പരിചയപ്പെട്ട മറ്റൊരു യുവതിയുടെ ഒപ്പം താമസിച്ച് അന്വേഷണം തുടർന്നു. കാമുകൻ വിവാഹിതനാണെന്നും കേരളത്തിൽ നിർമാണത്തൊഴിലാളിയാണെന്നും പിന്നീടാണ് യുവതി മനസിലാക്കിത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയിരുന്നു.അന്വേഷണം ആരംഭിച്ച പൊലീസ് തമിഴ്നാട്ടിലേയ്ക്കും ആന്ധ്രാപ്രദേശിലേയ്ക്കും യുവതിയുടെ ഫോട്ടോ അയച്ചുകൊടുത്തിരുന്നു. ഇന്നലെ വേഡസന്തൂർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് തമിഴ്നാട് പൊലീസ് യുവതിയെ തിരിച്ചറിയുകയും വിവരം കേരള പൊലീസിനെ അറിയിക്കുകയും ചെയ്തത്. തുടർന്ന് പൊലീസ് യുവതിയെ ഭർത്താവിന്റെ അടുക്കൽ എത്തിക്കുകയായിരുന്നു.