ഐഫോണ്‍ 15 ഫോണുകളില്‍ ക്യാമറ മോഡ്യുളിന് പുതിയ രൂപം
ഐഫോണ്‍ 15 ലും, 15 പ്ലസിലും പുതിയ രീതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്എം അരിന വെബ്സൈറ്റ് നല്കുന്ന വിവരം അനുസരിച്ച് ക്യാമറ മോഡ്യൂളിന്റെ രൂപത്തിലുള്ള ഈ മാറ്റത്തിന് ചില കാരണങ്ങളുണ്ട്. ഐഫോണ്‍ 15 പരമ്പരയില്‍ 48 മെഗാപിക്സല്‍ ക്യാമറയും ഉണ്ടാകുമെന്ന് പറയപ്പെടുന്നുണ്ട്. ഇങ്ങനെ പുതിയൊരു ക്യാമറ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ക്യാമറ ബമ്പില്‍ മാറ്റം വരുത്തിയേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്യാമറ മോഡ്യൂളിന്റെ രൂപത്തില്‍ മാറ്റം വരുത്താനുള്ള മറ്റൊരു കാരണമായി പറയുന്നത് ഐഫോണ്‍ 15 മോഡലില്‍ ഉണ്ടാവാനിടയുള്ള ബാക്ക് പാനല്‍ രൂപകല്പനയിലുള്ള മാറ്റമാണ്. റൗണ്ടഡ് ബാക്ക് ഉള്ള ഫോണ്‍ ആയിരിക്കും ഐഫോണ്‍ 15 എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതും ക്യാമറ ബമ്പിന്റെ നിലവിലെ രൂപത്തില്‍ മാറ്റത്തിനിടയാക്കിയേക്കാം.
സോണിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഇമേജ് സെന്‍സര്‍ ആയിരിക്കും ഐഫോണ്‍ 15 സ്മാര്‍ട്ഫോണ്‍ ക്യാമറയില്‍ എന്നാണ് മറ്റൊരു വിവരം. ടൈറ്റേനിയം ഷാസിയോടുകൂടിയുള്ള കര്വഡ് എഡ്ജുള്ള കഴിഞ്ഞ കുറേ കാലമായി ഐഫോണുകള്‍ തുടര്‍ന്നു വരുന്ന സ്ക്വയര്‍ എഡ്ജ് ഡിസൈനില്‍ നിന്നുള്ള മാറ്റവുമായെത്തുന്ന ഫോണ്‍ ആയിരിക്കും ഐഫോണ്‍ 15 എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനെല്ലാം പുറമെ ഐഫോണ്‍ 15 സീരീസിന് വിലക്കുറവുണ്ടാവുമെന്നും അഭ്യൂഹങ്ങളുണ്ട്.