കോടികൾ വാരുമോ സ്മൃതിയും ഷഫാലിയും ജമൈമയും; വിമൺസ് പ്രീമിയർ ലീഗ് താരലേലത്തിന് കാതോർത്ത് ആരാധകർ
മുംബയ്: ഐപിഎല്ലിന്റെ വനിതാ പതിപ്പായ വിമൺസ് പ്രീമിയർ ലീഗിന്റെ താരലേലത്തിന് ആരംഭമാകുകയാണ് ഇന്ന്. മുൻ നിര ഇന്ത്യൻ താരങ്ങളെല്ലാം ഉൾപ്പെട്ടിട്ടുള്ള ലേലത്തിൽ ആകെ 1525 താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 409 പേർ ഫൈനൽ ലിസ്റ്റിൽ ഇടം നേടി. ഇതിൽ 246 താരങ്ങളും ഇന്ത്യക്കാരാണ്. 202 അന്താരാഷ്ട്ര താരങ്ങളുണ്ട്. മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് താരലേലം നടക്കുന്നത്. സ്പോർട്സ് 18 ചാനലിൽ തത്സമയം ലേലം കാണാം.അഞ്ച് ടീമുകളാണ് ആദ്യ ഡബ്ളുപിഎൽ പതിപ്പിൽ ഉണ്ടാകുക. മുംബയ് ബ്രാബോൺ സ്റ്റേഡിയം, ഡി.വൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങലിലാണ് മത്സരങ്ങൾ നടക്കുക. മാർച്ച് നാല് മുതൽ 26വരെയാണിത്.50 ലക്ഷമാണ് ലേലത്തിലെ ഏറ്റവുമുയർന്ന അടിസ്ഥാന വില. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ദീപ്തി ശർമ, ഷഫാലി വർമ തുടങ്ങിയ താരങ്ങളുടെ അടിസ്ഥാന വില 50 ലക്ഷമാണ്. 13 വിദേശതാരങ്ങളും ഈ പട്ടികയിൽ ഉൾപ്പെടും. 40 ലക്ഷം അടിസ്ഥാന വിലയുള്ള 30 താരങ്ങളും പട്ടികയിലുണ്ട്. മുൻനിര ഇന്ത്യൻ താരങ്ങളായ ഷഫാലി വർമ്മ, ദീപ്തി ശർമ്മൻ, ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, സ്മൃതി മന്ഥാന എന്നിവർ ലേലത്തിൽ കോടികൾ വാരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇവർക്കായി വാശിയേറിയ ലേലംവിളി പ്രതീക്ഷിക്കുന്നുണ്ട്.