‘ദേശഭക്തി ഗീത്’ മത്സരത്തില്‍ അനഘ എഴുതിനേടിയത് അഞ്ച് ലക്ഷം രൂപ
പാലാ: പ്രതിസന്ധികളെ കരുത്തോടെ അതിജീവിച്ച് മുന്നോട്ടുകുതിക്കുന്ന ഭാരതാംബയെ ജീവിതത്തില്‍ മുന്നേറുന്ന വനിതയുടെ കരുത്തിനോടുപമിച്ച് കവിതയെഴുതിയ അനഘ രാജുവിന് ദേശീയ പുരസ്കാരം. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ‘ആസാദി കാ അമൃതോത്സവി’ന്റെ ഭാഗമായി ദേശീയതലത്തില്‍ സംഘടിപ്പിച്ച ‘ദേശഭക്തി ഗീത്’ മത്സരത്തിലാണ് പാലാ അല്‍ഫോന്‍സാ കോളജിലെ അനഘ (19) രണ്ടാം സമ്മാനവും അഞ്ചുലക്ഷം രൂപയും നേടിയത്.
ഒന്നാം സമ്മാനം ആന്ധ്ര സ്വദേശിക്കാണ്. പാലാ അല്‍ഫോന്‍സാ കോളേജിലെ രണ്ടാംവര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായ അനഘയ്ക്ക് ആദ്യമായി കവിതാരചനയ്ക്ക് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരമാണിത്. സംസ്ഥാന യുവജനോത്സവങ്ങളില്‍ സംസ്ഥാനതലത്തില്‍ ഇംഗ്ലീഷ് കവിതാരചനാ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍.സി.സി. കേഡറ്റായ അനഘ അവരുടെ ഗ്രൂപ്പുകളില്‍നിന്നാണ് ‘ദേശഭക്തി ഗീത്’ മത്സരത്തെക്കുറിച്ചറിഞ്ഞത്.
ഇടുക്കി കുളമാവ് കല്ലുകാട്ട് ബിസിനസുകാരനായ കെ.ജി. രാജുവിന്റെയും ലേഖയുടെയും മകളാണ്. ‘ഇന്‍ഡ്യാ ദി അണ്‍ബീറ്റബിള്‍ വുമണ്‍’ എന്നാണ് കവിതയുടെ പേര്. അനഘയുടെ ഏക സഹോദരി അഖില. അനഘയെ കോേളജ്, എന്‍.സി.സി. അധികൃതര്‍ അഭിനന്ദിച്ചു.