തിരുവനന്തപുരത്ത് കാര്‍ വീട്ടുമതിലില്‍ ഇടിച്ചുകയറി അപകടം; സ്ത്രീ മരിച്ചു, ഭര്‍ത്താവിന് പരിക്ക്
കാർ വീട്ടുമതിലിൽ ഇടിച്ചുണ്ടായ അപകടത്തിൻറെ ദൃശ്യം
തിരുവനന്തപുരം: വെഞ്ഞാറമൂട് വേളാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ കെ മന്‍സിലില്‍ അസീഫ ബീവിയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് അബ്ദുല്‍ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ചടയമംഗലത്തുനിന്ന് രാവിലെ കുടുംബം കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്. പത്തനംതിട്ടയില്‍ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറില്‍ ഇടിച്ചശേഷം കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവം സ്ഥലത്തുവെച്ചുതന്നെ അസീഫ ബീവി മരിച്ചു.
വേളാവൂര്‍ ആളുമാനൂര്‍ ഉത്തമത്തില്‍ ഹരിപ്രസാദിന്റെ വീട്ടിലേക്കാണ് കാര്‍ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയത്.
അപകടം പതിയിരിക്കുന്ന വളവുകളില്‍ ഒന്നാണ് കഴക്കൂട്ടം ചെങ്ങന്നൂര്‍ ബൈപ്പാസിലെ ആളുമാനൂര്‍ വളവ്. ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വീതിയുള്ള റോഡാണെങ്കിലും യാതൊരുവിധത്തിലുള്ള സുരക്ഷ മുന്നറിയിപ്പുകളും ഇവിടെയില്ല. ബന്ധപ്പെട്ടവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.