ഭാര്യയെ മുത്തലാഖ് ചൊല്ലി യുകെയിലേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ പിടിയില്‍
ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. യുകെയിലേക്ക് പോകാനിരിക്കെ ബെംഗളൂരു വിമാനത്താവളത്തില്‍ ഡല്‍ഹി പോലീസാണ് 40-കാരനെ അറസ്റ്റ് ചെയ്തത്. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തല്‍ രാജ്യത്ത് 2019-മുതല്‍ നിയമവിരുദ്ധമാണ്.
കഴിഞ്ഞ ഒക്ടോബര്‍ 13-നാണ് ഇയാള്‍ 36-കാരിയായ ഭാര്യയെ മുത്തലാഖിലൂടെ വിവാഹ മോചനം നടത്തിയത്. ഫെബ്രുവരി ഒന്നിനാണ് ഡല്‍ഹി കല്യാന്‍പുരി പോലീസിന് ഇത് സംബന്ധിച്ച് പരാതി ലഭിക്കുന്നത്. മുത്തലാഖ് കേസ് ചുമത്തിയ ശേഷം ഇയാള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും ഫെബ്രുവരി ഒമ്പതിന് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തുവെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
2018-ലാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. 2020-ല്‍ വിവാഹിതരായി. കുട്ടികളില്ല. വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പരീക്ഷയ്ക്ക് തയ്യാറെടുക്കാനെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ മറ്റൊരു സ്ഥലത്തേക്ക് ഇയാള്‍ മാറി താമസിച്ചു. ഇതിനിടയില്‍ മറ്റൊരു ഡോക്ടറായ യുവതിക്കൊപ്പം ഇയാള്‍ താമസിക്കുന്നതായി കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ചപ്പോള്‍ തന്നെ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.