ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വസതിയില്‍നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ തുരങ്കം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇത് റിപ്പോര്‍ട്ട് ചെയതത്.
പാര്‍ലമെന്റ് പുതുക്കിപ്പണിയുന്നതിനൊപ്പമാണ് മോദിക്കുവേണ്ടി തുരങ്ക പാതയും നിര്‍മ്മിക്കുന്നത്. അമേരിക്കന്‍ മാളിന് സമാനമായി അതീവ സുരക്ഷയുള്ള വ്യക്തികള്‍ക്ക് സാധാരണ തിരക്കുകളില്‍നിന്നും ഗതാഗതകുരുക്കുകളിൽനിന്നും മാറി സഞ്ചാരപാത ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് തുരങ്ക നിര്‍മ്മാണം .സി.ഇ.പി.റ്റി യൂണിവേഴ്സിറ്റിയില്‍വെച്ചു നടന്ന സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന്റെ അവതരണത്തില്വെച്ചാണ് ഈ ആശയത്തെക്കുറിച്ച് പദ്ധതി തലവന്‍ വിവരിച്ചത്.
‘പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം നിരത്തില്‍ ഇനിയുണ്ടാവില്ല. കാരണം, അദ്ദേഹത്തിന്റെ വസതിയില്‍നിന്നും ഓഫീസിലേക്കും മിക്കവാറും മറ്റ് സ്ഥലങ്ങളിലേക്കും തുരങ്കം നിര്‍മ്മിക്കാന്‍ പോവുകയാണ്. അതോടെ പൊതു സ്ഥലങ്ങളും റോഡുകളും സുരക്ഷാ ആശങ്കകളില്‍നിന്നും മോചിതമാവും. അങ്ങനെയാണ് അമേരിക്കന്‍ മാള്‍ പ്രവര്‍ത്തിക്കുന്നത്’, രണ്ടുമണിക്കൂര്‍ നീണ്ട പവര്‍പോയിന്റ് പ്രസന്റേഷനില്‍ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതി സൗത്ത് ബ്ലോക്കിലേക്കും ഉപരാഷ്ട്രപതിയുടെ വസതി നോര്‍ത്ത് ബ്ലോക്കിന് സമീപത്തേക്കും മാറ്റുന്നതിനെക്കുറിച്ചും വിവരണമുണ്ടായിരുന്നു.50,000 മുതല്‍ 60,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ താമസിപ്പിക്കാനാവുന്ന കെട്ടിടങ്ങള്‍ ഭൂമിക്കടിയിലായും നിര്‍മ്മിക്കുന്നുണ്ട്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സഞ്ചാര പാതയും ഭൂമിക്കടിയില്‍തന്നെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു