ഡൽഹിയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡൽഹി: ഫാക്ടറിയിൽ വൻ തീപിടിത്തം. ഡൽഹി മോത്തിനഗറിൽ കരംപുര പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീ ആളിക്കത്തിയെങ്കിലും അത് കണ്ടെത്താൻ സമയമെടുത്തു. ഞായറാഴ്ച ആയതിനാൽ ഫാക്ടറിയിൽ ജോലിക്കാർ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി.ഇന്ന് രാവിലെ പുക ഉയരുന്നത് കണ്ടതോടെയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിയിച്ചതിനെ തുടർന്ന്, ഉടൻ തന്നെ 27 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.