ഫോണെടുക്കാൻ നോക്കി, പാറക്കൂട്ടത്തിനിടയിൽ പെട്ടു, അനങ്ങാൻപോലുമാകാതെ യുവാവ് കുടുങ്ങിയത് ഒരുമണിക്കൂർ
വിഴിഞ്ഞം: പനത്തുറ തീരത്ത് കടൽ ഭിത്തിയുടെ പാറക്കൂട്ടത്തിനിടെ കൈ അകപ്പെട്ടുകിടന്നയാളിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തിരുവല്ലം വരമ്പത്തു വിളാകത്തിൽ ബിനുവിനെയാണ് (46) വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.സുഹൃത്തുകൾക്കൊപ്പമെത്തിയ ബിനുവിന്റെ മൊബൈൽ ഫോൺ കടൽ ഭിത്തിയിലെ പാറക്കൂട്ടത്തിനിടെ വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് വലതുകൈ കൂറ്റൻ കരിങ്കല്ലുകൾക്കിടെ കുടുങ്ങിയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. മൊബൈൽ എടുക്കാൻ ശ്രമിക്കവെ ആദ്യം കൈയുടെ ചുമൽഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കൽ കൂട്ടത്തിനിടയിലായി തലകീഴായി കിടന്നു. തുടർന്നാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്.പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാൻ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം സമയെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ അലി അക്ബർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ ഷിബി,ആർ.അനീഷ്, എസ്.പി. അനീഷ്, കിരൺ,ഡ്രൈവർ സുരേഷ്,ഹോംഗാർഡ് ശശികുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൊബൈൽ ഫോൺ പിന്നീട് കണ്ടെടുത്തു.