സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ കണ്ടാൽ അമ്പത്തിരണ്ടുകാരനായ മണിക്കുട്ടൻ തടഞ്ഞുനിറുത്തി ഓയിൽ ഒഴിപ്പിച്ചേ വിടൂ, പണം പോയത് നിരവധി പേർക്ക്
തൊടുപുഴ: ഇരുചക്ര വാഹനത്തിൽ കറങ്ങി ബൈക്ക് യാത്രികരായ സ്ത്രീകളുൾപ്പെടെയുള്ളവരുടെ പണം തട്ടിയെടുത്തിരുന്നയാളെ പൊലീസ് പിടി കൂടി. തൊടുപുഴ വെങ്ങല്ലൂർ പിടിവീട്ടിൽ മണിക്കുട്ടനെയാണ് (52) തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ പിന്നാലെയെത്തി നിങ്ങളുടെ വാഹനത്തിന്റെ ഓയിൽ ഉടൻ മാറിയില്ലെങ്കിൽ വാഹനത്തിന് തീ പിടിക്കുമെന്ന് പറയും. വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്. ഓയിൽ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപയും മറ്റും വാങ്ങി ഓയിൽ ഒഴിച്ചു നൽകും. ഒട്ടേറെ വാഹനയുടമകൾ ഇയാൾ പറഞ്ഞത് വിശ്വസിച്ച് പണം നൽകി ഓയിൽ മാറി. എന്നാൽ സംശയം തോന്നിയ ചിലർ വാഹനം ഷോറൂമിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാൾ ഒഴിച്ചത് ഉപയോഗ ശൂന്യമായ കരിഓയിലാണെന്ന് വ്യക്തമായത്.ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ഭാരവാഹികൾ ഇതു സംബന്ധിച്ച് ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകിയിരുന്നു. കബളിക്കപ്പെട്ട ചിലരും വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് രണ്ടാഴ്ചയായി പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിച്ചു വരികയായിരുന്നു. അന്വേഷണത്തിൽ ഇയാളുടെ ഹെൽമറ്റ് ധരിച്ച ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രേഖകളും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ അയൽവാസിയെ വാക്കത്തിയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച കേസും ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസും നിലവിലുണ്ട്.