പ്രതിമാസ വായ്പാ തിരിച്ചടവ് ഇനിയും കൂടും: ബാധ്യത കുറയ്ക്കാനുള്ള വഴികള്‍ അറിയാം
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല് ശതമാനംകൂടി ഉയര്‍ത്തിയതോടെ വായ്പ പലിശയില്‍ വീണ്ടും വര്‍ധന ഉറപ്പായി. പ്രത്യേകിച്ച് ഫ്ളോട്ടിങ് നിരക്ക് അടിസ്ഥാനമാക്കി ഭവന വായ്പയെടുത്തവര്‍ക്ക്. 2023 ഫെബ്രുവരിയിലെ കാല് ശതമാനമടക്കം പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് ഒമ്പത് മാസത്തിനിടെ 2.50ശതമാനമാണ് റിപ്പോ നിരക്ക് കൂട്ടിയത്. ബാങ്കുകള്‍ ഇതിനകം വായ്പാ പലിശയില്‍ രണ്ടു ശതമാനത്തിലേറെ വര്‍ധന വരുത്തിക്കഴിഞ്ഞു.
മാര്‍ജിനല്‍ കോസ്റ്റ്, റിപ്പോ നിരക്ക് എന്നിവ അടിസ്ഥാനമാക്കി(ഫ്ളോട്ടിങ് നിരക്ക്)യുള്ള വായ്പകളില്‍ പലിശ ഉയരുമ്പോള്‍ ബാങ്കുകള്‍ ഇഎംഐ കൂട്ടുന്നതിനുപകരം കാലാവധി വര്‍ധിപ്പിക്കാനാണ് താല്പര്യപ്പെടുന്നത്. മെയ് മാസത്തിനുശേഷം വായ്പാ പലിശയില്‍ കാര്യമായ കുതിപ്പുണ്ടായ സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവ് തുകയോടൊപ്പം ഇത്തവണ കാലാവധിയും വര്‍ധിക്കുമെന്ന് ഉറപ്പായി.
ബാധ്യത കണക്കാക്കാം
2022 മാര്‍ച്ചില്‍ 6.95ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തേയ്ക്ക് 30 ലക്ഷം രൂപ വായ്പയെടുത്തുവെന്ന് കരുതുക. ആ സമയത്ത് 23,169 രൂപയായിരുന്നു പ്രതിമാസം തിരിച്ചടക്കേണ്ടിയിരുന്നത്. ഒമ്പത് മാസത്തിനിടെ റിപ്പോ നിരക്ക് 2.50 ശതമാനം ഉയര്‍ന്നതോടെ വായ്പയുടെ നിലവിലെ പലിശ 9.50 ശതമാനമെങ്കിലുമാകും. ഇഎംഐ ആകട്ടെ 27,963 രൂപയിലെത്തും. ഒരു വര്‍ഷത്തിനിടെ പ്രതിമാസ തിരിച്ചടിവിലുണ്ടാകുന്ന വര്‍ധന 4,794 രൂപ. ഡിസംബറിലെ വര്‍ധനപ്രകാരം 27,379 രൂപയായിരുന്നു ഇഎംഐ. ഇത്തവണത്തെ കൂടിയാകുമ്പോള്‍ 584 രൂപ പ്രതിമാസം അധികം കണ്ടെത്തേണ്ടിവരും.
പലിശയുടെ ആഘാതം കുറയ്ക്കാനായി ബാങ്കുകള്‍ സാധാരണയായി ഇഎംഐ തുക കൂട്ടാതെ കാലാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യുക. നിലവിലെ സാഹചര്യത്തില്‍ പ്രായപരിധി ഉള്‍പ്പടെയുള്ളവ കണക്കിലെടുത്ത് കാലാവധി കൂട്ടുന്നതോടൊപ്പം തിരിച്ചടുവ് തുകയും വര്‍ധിപ്പിക്കേണ്ടിവരും. ഇതിനകം കാലാവധി ദീര്‍ഘിപ്പിച്ച് താല്‍ക്കാലികമായി ബാധ്യത കുറച്ചവര്‍ക്ക് പലിശ നിരക്കില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കാമെന്ന് ചരുക്കും.
പ്രായപരിധി
മിക്കവാറും ബാങ്കുകളുടെ വായ്പാ തിരിച്ചടവ് കാലാവധി 60 വയസ്സുവരെയാകും നിശ്ചയിച്ചിട്ടുണ്ടാകുക. നിരക്ക് വര്‍ധന മൂലമുള്ള കാലാവധി നീട്ടുന്നത് അതിനപ്പുറത്തേയ്ക്ക് പോകുകയാണെങ്കില്‍ തിരിച്ചടവ് തുക വര്‍ധിപ്പിക്കാനാകും ബാങ്കുകള്‍ തയ്യാറാകുക. പലിശ വര്‍ധിപ്പിച്ചിട്ടും പ്രതിമാസ തിരിച്ചടവ് തുക ഇതിനകം കൂട്ടിയിട്ടില്ലെങ്കില്‍ ഭവന വായ്പയുടെ കാലാവധിയില്‍ എട്ടുവര്‍ഷമെങ്കിലും വര്ധനയുണ്ടായിട്ടുണ്ടാകും. നിലവിലെ വര്‍ധനകൂടി പ്രാബല്യത്തിലാകുമ്പോള്‍ ഇത് 10 വര്‍ഷംവരെയാകാം. കുറഞ്ഞ കാലയളവില്‍ വായ്പയെടുത്തവര്‍ക്കും പ്രായം കുറഞ്ഞവര്‍ക്കും കാലയളവ് വര്‍ധിപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും തിരിച്ചടവ് തുക കുറച്ചെങ്കിലും വര്ധിപ്പിക്കാതിരിക്കാനാവില്ല.
വായ്പ പുനഃക്രമീകരിക്കാം
മറ്റു ബാങ്കുകളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്ത് വായ്പ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. വിപണിയില്‍ മത്സരം നിലനില്‍ക്കുന്നതിനാല്‍, മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ പലിശയ്ക്ക് വായ്പ റീ ഫൈനാന്‍സ് ചെയ്യാന്‍ കഴിയും. പലിശ നിരക്ക് 050ശതമാനം മുതല്‍ ഒരു ശതമാനംവരെ കുറവാണെങ്കില്‍ വായ്പ പുനഃക്രമീകരിക്കുന്നത് പ്രയോജനകരമായിരിക്കും.
നിരക്ക് ഇനിയും കൂടുമോ ?
ഒമ്പത് മാസത്തിനിടെ നിരക്ക് 2.50ശതമാനം വര്‍ധിപ്പിച്ചുകഴിഞ്ഞു. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതിനാല്‍ ഇനിയൊരു നിരക്ക് വര്‍ധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 2023 അവസാനത്തോടെയോ 2024 തുടക്കത്തിലോ നിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്. അതിനുശേഷം പലിശ സ്ഥിരതയാര്ജിക്കുമെന്നുമാണ് വിലയിരുത്തല്‍.