മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി ശേഖരൻ നായർ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി ശേഖരൻ നായർ (75) അന്തരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫായും തിരുവനന്തപുരം പ്രസ് ക്ളബ് സെക്രട്ടറിയായും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.അന്വേഷണാത്മക പത്രപ്രവർത്തനത്തിന് മൂന്ന് തവണ സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരമ്പര ഏറെ വിവാദങ്ങൾ ഉണ്ടാക്കിയതിന് പിന്നാലെ കെ കരുണാകരൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആർ രാമചന്ദ്രൻ രാജിവച്ചിരുന്നു. 1999ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്കൊപ്പം പോയ മാദ്ധ്യമസംഘത്തിൽ ഉൾപ്പെട്ടിരുന്നു. 25 വർഷം നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്തതിന് നിയമസഭ ആദരിച്ചിരുന്നു. പദ്മതീര്ഥക്കരയില്, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകള്‍ എന്നീ പുസ്തകങ്ങളുടെ സൃഷ്ടാവാണ്.ഡോ. പി രാധാമണി അമ്മയാണ് ഭാര്യ. മക്കൾ: ദീപാ ശേഖർ, ദിലീപ് ശേഖർ. മരുമക്കൾ: ഡോ എം കെ മനു, ചിന്നു ആർ നായർ. സംസ്കാരം പിന്നീട്.