എട്ട് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു; തുർക്കിയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ സംഘം
അങ്കാറ: തുർക്കിയെ നടുക്കിയ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് വയസുകാരിയ്ക്ക് പുതു ജീവനേകി ഇന്ത്യൻ ദുരന്ത നിവാരണ സംഘം. തുർക്കിയിലെ സെെനികർക്കൊപ്പം നൂർദാഗി നഗരത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എൻ ഡി ആർ എഫ്) അറിയിച്ചു.വെള്ളിയാഴ്ചയാണ് എട്ടു വയസുകാരിയെ പുറത്തെടുത്തത്. ഇതേ പ്രദേശത്ത് നിന്ന് വ്യാഴാഴ്ച ആറു വയസുകാരിയേയും ഇന്ത്യൻ സേന പുറത്തെടുത്തിരുന്നു. ഇതുവരെ രണ്ടു പേരുടെ ജീവൻ രക്ഷിക്കാനും 13 മൃതദേഹങ്ങൾ കണ്ടെത്താനും ഫെബ്രുവരി ഏഴാം തീയതി മുതൽ തുടങ്ങിയ രക്ഷാദൗത്യത്തിലൂടെ എൻ ഡി ആർ എഫിന് കഴിഞ്ഞതായി അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വടക്കൻ സിറിയയിൽ നിന്ന് നവജാത ശിശുവിനെ രക്ഷപെടുത്തിയിരുന്നു. പൊക്കിൾകൊടി പോലും വേർപെടുത്താത്ത നിലയിലാണ് പെൺകുഞ്ഞിനെ ജിൻഡൈറിസ് നഗരത്തിലെ ഭൂകമ്പ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ജനിച്ച് വീണ് കുഞ്ഞിന്റെ അച്ഛനും അമ്മയും നാല് സഹോദരങ്ങളും മരിച്ചിരുന്നു.അതേസമയം, തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22,000 ത്തിലധികമായി. നിരവധി രാജ്യങ്ങളാണ് അവിടെയ്ക്ക് സഹായങ്ങൾ എത്തിച്ചുകൊണ്ട് ഇരിക്കുന്നത്. ഓപ്പറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് മൂന്ന് എൻ ഡി ആർ എഫ് സംഘം തുർക്കിയിലെച്ചിട്ടുണ്ട്. 152 രക്ഷാപ്രവർത്തകർ ഇതിൽ ഉൾപ്പെടുന്നത്.