സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച ലിയനാർഡോ ഡി കാപ്രിയോയെ സംസ്ഥാനത്തേയ്ക്ക് ക്ഷണിച്ച് മുഖ്യമന്ത്രി
ദിസ്പൂർ: ഒറ്റകൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച ഹോളിവുഡ് സൂപ്പർ നടനും പരിസ്ഥിതി പ്രവർത്തകനുമായ ലിയനാർഡോ ഡി കാപ്രിയോയെ ആസാമിലേയ്ക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.കാസിരംഗ ദേശീയ ഉദ്യാനത്തിലെ ഒറ്റകൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ 2021ലാണ് ആസാം സർക്കാർ ആരംഭിച്ചത്. പിറ്റേ വർഷംതന്നെ ഇത് ലക്ഷ്യം കണ്ടിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ലിയനാർഡോ കുറിപ്പ് പങ്കുവച്ചത്.
ലിയനാർഡോയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഹിമന്ത ബിശ്വ ശർമ ആസാമിലേയ്ക്കും കാസിരംഗ ദേശീയ ഉദ്യാനത്തിലേയ്ക്കും ക്ഷണിച്ചത്. ‘വന്യജീവികളെ സംരക്ഷിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.