രാത്രിയിൽ മണിക്കൂറുകളോളം ഫോണിന് മുന്നിൽ ഇരിക്കുന്നവരാണോ? യുവതിയുടെ ദുരനുഭവം പങ്കുവെച്ച് ഡോക്ടർ
ദീർഘനേരം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം കേൾക്കുന്നതുമാണ്. ഇപ്പോഴിതാ മണിക്കൂറുകളോളം സ്മാർട്ഫോണിനു മുന്നിലിരുന്ന ഒരു ഹൈദരാബാദ് യുവതിക്ക് സംഭവിച്ചതാണ് വാർത്തകളിൽ നിറയുന്നത്. രാത്രികളിൽ ദീർഘനേരം മൊബൈലിനു മുന്നിലിരുന്ന യുവതിയുടെ കാഴ്ച്ചശക്തിക്ക് തകരാർ പറ്റിയെന്നു പറഞ്ഞ് അവരെ ചികിത്സിച്ച ഡോക്ടറാണ് ട്വീറ്റ് പങ്കുവെച്ചത്.
ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ.സുധീർ ആണ് യുവതിക്ക് പറ്റിയ സംഭവം കുറിച്ചിരിക്കുന്നത്. ഇരുട്ട് നിറഞ്ഞ മുറിയിലിരുന്ന് മണിക്കൂറുകളോളം സ്മാർട്ഫോൺ നോക്കിയിരിക്കുന്ന ശീലം മുപ്പതു വയസ്സുള്ള ഒരു പെൺകുട്ടിയുടെ കാഴ്ച്ചശക്തിയെ ബാധിച്ചു എന്നു പറഞ്ഞാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കണ്ണിൽ കടുത്ത പ്രകാശം പതിക്കുന്നതുപോലെയും ഇരുണ്ട സിഗ്സാഗ് പാറ്റേണുകൾ പോലെയും അനുഭവപ്പെടുന്നുവെന്നും ഇടയ്ക്കെല്ലാം കാഴ്ച്ചശക്തി കുറയുകയും വസ്തുക്കളിലുള്ള ഏകാഗ്രത നഷ്ടപ്പെടുന്നുവെന്നും പറഞ്ഞാണ് യുവതി ഡോക്ടറുടെ അടുക്കലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അവർക്ക് സ്മാർട്ഫോൺ വിഷൻ സിൻഡ്രോം ആണെന്ന് കണ്ടെത്തുകയായിരുന്നു. അന്ധതയുൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാവുന്ന രോഗമാണിത്.
ഇരുട്ടുനിറഞ്ഞ മുറിയിൽ ദീർഘനേരം മൊബൈൽ ഫോണിൽ നോക്കിയിരുന്നതാണ് യുവതിക്ക് കാഴ്ച്ചപ്രശ്നം വരാനുള്ള കാരണമെന്ന് ഡോ.സുധീർ പറയുന്നു. ഒന്നരവർഷത്തോളമായി യുവതി ഈ ശീലം പിന്തുടർന്നിരുന്നു. ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ചതിനുശേഷം യുവതി ദിവസവും മണിക്കൂറുകളോളം ഫോണിൽ സമയം ചെലവഴിച്ചിരുന്നു. രണ്ടുമണിക്കൂറോളം ഒക്കെയാണ് യുവതി ഇപ്രകാരം ഫോണിൽ സമയം നീക്കിയിരുന്നതെന്നും ഡോക്ടർ കുറിച്ചു. തുടർന്ന് യുവതിക്ക് മരുന്ന് നൽകിയതിനൊപ്പം സ്ക്രീൻ ടൈം കുറയ്ക്കാനും ഡോക്ടർ നിർദേശിക്കുകയുണ്ടായി. രണ്ടും കൃത്യമായി പാലിച്ചതോടെ യുവതിയുടെ കാഴ്ച്ചശക്തിയിൽ പുരോഗതിയുണ്ടായി എന്നും ഒരുമാസത്തിനുള്ളിൽ അവർക്ക് പൂർണമായും ഭേദമായെന്നും ഡോക്ടർ കുറിച്ചു.
പതിനെട്ടുമാസത്തോളം കാഴ്ച്ചസംബന്ധിച്ച പ്രശ്നവുമായി കഴിഞ്ഞ യുവതി ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും ഡോക്ടർ കുറിക്കുന്നുണ്ട്. സ്മാർട്ഫോൺ വിഷൻ സിൻഡ്രോം അഥവാ കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്നു വിളിക്കപ്പെടുന്ന ഈ അവസ്ഥ അനുഭവപ്പെടുന്നവർ അതവഗണിക്കുക വഴി കാഴ്ച്ചവൈകല്യം നേരിടാമെന്നും ഡോക്ടർ പറയുന്നുണ്ട്. ഇത്തരം ഗാഡ്ജറ്റുകൾക്ക് മുന്നിൽ ഇരിക്കുന്ന രീതിയിലെ അപാകത, ജോലിസ്ഥലം കഴിഞ്ഞും ദീർഘനേരം മൊബൈലിൽ ഇരിക്കുക, ഇടവേള എടുക്കാതിരിക്കുക, സ്ക്രീനിൽ നിന്ന് അകലം പാലിക്കാതിരിക്കുക തുടങ്ങിയവയൊക്കെ കംപ്യൂട്ടർ വിഷൻ സിൻഡ്രോമിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്നും ഡോക്ടർ പറയുന്നുണ്ട്.
കണ്ണിന്റെ ആരോഗ്യം കാക്കാൻ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
വളരെ ചെറിയ സ്ക്രീനുള്ള സ്മാർട്ട്ഫോണിൽ ദീർഘനേരം നോക്കുന്നത് ഒഴിവാക്കുക. സ്ക്രീൻ വലുപ്പം കുറയുന്നത് കണ്ണിന് സ്ട്രെയിൻ കൂട്ടും.
ഫോണിൽ വലിയ ഫോണ്ട് ഉപയോഗിക്കുക.
മുഖത്തോട് വളരെ അടുപ്പിച്ചുകൊണ്ടും കിടന്നുകൊണ്ടും സ്മാർട്ട്ഫോൺ ഉപയോഗിക്കരുത്.
വെളുത്ത പ്രതലത്തിലുള്ള കറുത്ത അക്ഷരങ്ങളാണ് കണ്ണിന് ഏറെ നല്ലത്. പിക്സലുകളായാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിലെ ഏറ്റക്കുറച്ചിലുകളും പശ്ചാത്തല നിറങ്ങളിലെ മാറ്റവും കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.
സ്മാർട്ട്ഫോൺ സെറ്റിങ്സിലെ ബ്രൈറ്റ്നെസ് ഓപ്ഷൻ കുറച്ചിടുക. ഇത് ഫോണിൽ നിന്നുള്ള വെളിച്ചം കണ്ണിൽ അസ്വസ്ഥതയുണ്ടാക്കുന്നത് അകറ്റും. ക്രമീകരിക്കേണ്ട മറ്റൊന്ന് കോൺട്രാസ്റ്റ് ആണ്. ഇത് കൂടിയാൽ നിറങ്ങളുടെയും ഫോണ്ടുകളുടെയും ഡെപ്ത്ത് കൂട്ടി കണ്ണിൽ അസ്വസ്ഥതയുണ്ടാകും. വളരെ കുറഞ്ഞാൽ ഫോണ്ടുകൾ അവ്യക്തമാക്കി കണ്ണിന് സ്ട്രെയിൻ കൂട്ടുകയും ചെയ്യും. അതിനാൽ സെറ്റിങ്സിലെ കോൺട്രാസ്റ്റ് സുരക്ഷിതമായി ക്രമീകരിക്കണം.
സ്മാർട്ട്ഫോൺ ഇരുട്ടിൽ ഉപയോഗിക്കരുത്. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്നത് കണ്ണിലെ ഫോട്ടോറിസപ്റ്ററുകളിൽ ഒന്നായ റോഡ്സ് കോശങ്ങളാണ്. ചുറ്റിലും വെളിച്ചമില്ലാതെ സ്മാർട്ട്ഫോണിലെ നീലവെളിച്ചത്തിൽ കണ്ണുകൾ ജോലി ചെയ്യുന്നത് റോഡ്സ് കോശങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കാനിടയാക്കും. ഇത് അവയുടെ സ്ട്രെയിൻ കൂട്ടി കാഴ്ചാവൈകല്യങ്ങൾക്ക് ഇടയാക്കും.
വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സ്മാർട്ട്ഫോൺ സെറ്റിങ്സിൽ മാറ്റങ്ങൾ വരുത്താം. വിവിധ നിറങ്ങളിലും ഫോണ്ടുകളിലുമുള്ള ഓരോ വെബ് പേജുകളും മങ്ങിയ വെളിച്ചത്തിൽ മാറിമാറി വരുമ്പോൾ കണ്ണുകൾ തുടർച്ചയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സ്ട്രെയിനുണ്ടാക്കും. രാത്രി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ക്രമീകരണങ്ങൾ വരുത്തിയ നൈറ്റ് മോഡ് ഉപയോഗിക്കുന്നത് നല്ലതാണ്.