ടിക് ടോക്കിലെ വൈറൽ ബ്യൂട്ടി ടിപ്പ് പരീക്ഷിക്കുന്നതിനിടെ കണ്ടത് കഴുത്തിലൊരു മുഴ, തടി പെട്ടെന്ന് കുറയുമ്പോൾ സന്തോഷിക്കരുതെന്ന് ഹെലൻ
പെട്ടെന്ന് തടി കുറഞ്ഞുകിട്ടാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽപ്പലരും. ഇതിനായി നിരവധി പരീക്ഷണങ്ങൾ നടത്തുന്നവരുമുണ്ട്. അമിതമായ വർക്ക് ഔട്ടുകളും ഡയറ്റുകളും മറ്റും പരീക്ഷിച്ച് എത്രയും വേഗം റിസൾട്ട് കിട്ടാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാലിതിന്റെ ഭവിഷ്യത്ത് ഇവർ അറിയുന്നില്ല. ഇത്തരത്തിൽ പെട്ടെന്ന് ഭാരം കുറഞ്ഞ് അവസാനം കാൻസർ എന്ന രോഗത്തിൽ എത്തിനിൽക്കുകയാണ് അമേരിക്കയിലെ അലബാമയിൽ നിന്നുള്ള 26കാരി.ചൈനയിലെ 2000 വർഷം പഴക്കമുള്ള ഗുവ ഷാ എന്ന സൗന്ദര്യ പരീക്ഷണം നടത്തുന്നതിനിടെയാണ് ഹെലൻ ബെൻഡർ നാലാം സ്റ്റേജിലെത്തിയ കാൻസർ ആദ്യമായി കണ്ടെത്തുന്നത്. ടിക് ടോക്കിൽ വൈറലായ പരീക്ഷണം നടത്തുന്നതിനിടെ താടിയെല്ലിന്റെ താഴെയായി വലിയൊരു മുഴ ശ്രദ്ധയിൽപ്പെടുകയായിരുന്നു.പിന്നാലെ നടത്തിയ സ്കാനിൽ ഇത് ഏറ്റവും മാരകമായ തരത്തിലെ കാൻസർ ആണെന്ന് കണ്ടെത്തി. അപ്പോഴേയ്ക്കും ശരീരത്തിലാകെയായി 20 ട്യൂമറുകൾ രൂപപ്പെട്ടിരുന്നു. ആകെ ആറ് ആഴ്ച മാത്രം ജീവൻ നിലനിൽക്കുമെന്നാണ് ഡോക്ടർമാർ ഹെലനോട് വെളിപ്പെടുത്തിയത്. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ഹെലന് കാൻസറിൽ നിന്ന് രക്ഷനേടാനായി.ചൈനീസ് സൗന്ദര്യ സംരക്ഷണ മാർഗമായ ഗുവ ഷാ ആണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ഹെലൻ പറയുന്നു. മുഖം കൂടുതൽ മെലിഞ്ഞതാക്കാനാണ് ഇത് ചെയ്തു തുടങ്ങിയത്. ചർമ്മത്തിൽ മുഴ കണ്ടപ്പോൾ എന്താണെന്ന് ആദ്യം മനസിലായിരുന്നില്ല. പിന്നീട് ധാരാളം ശരീരഭാരം കുറയാൻ തുടങ്ങി. അപ്പോൾ തനിക്ക് സന്തോഷമാണ് തോന്നിയത്. നാളുകൾക്ക് ശേഷമാണ് ഇത് കാൻസർ ആണെന്ന് തിരിച്ചറിയുന്നതെന്നത് ഹെലൻ കൂട്ടിച്ചേർത്തു.അഞ്ച് വർഷം മുൻപ് മാരക ത്വക്ക് അർബുദമായ മെലനോമ ഹെലനിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ശരീരത്തിൽ കാൻസറിന്റെ രൂപത്തിലുള്ള മറുകുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എല്ലാ വർഷവും ചെക്ക് അപ്പ് നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നെന്നും ഹെലൻ പറഞ്ഞു.ഏറ്റവും ഗുരുതരമായ ഘട്ടമാണ് മെലനോമയുടെ നാലാം സ്റ്റേജ്. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേയ്ക്കും കാൻസർ പടർന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഹെലന്റെ കഴുത്ത്, ശ്വാസകോശം, കുടൽ, കാൽ എന്നിവിടങ്ങളിൽ മുഴ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ രണ്ട് വർഷത്തെ ഇമ്മ്യുണോതെറാപ്പിയിലൂടെയാണ് ഹെലന്റെ രോഗം ഭേദമായത്. എട്ട് മാസങ്ങൾക്ക് ശേഷം വീക്കം കുറഞ്ഞു. മുഴകൾ വേദനയില്ലാത്തതായി. ചികിത്സ പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും ഹെലൻ പറഞ്ഞു.