ഇന്ത്യൻ ആർമിയ്ക്ക് ഇരിക്കട്ടെ ഒരു മധുര ചുംബനം; തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സെെന്യത്തിന് നന്ദി പറഞ്ഞ് യുവതി
ന്യൂഡൽഹി: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങൾ. നിരവധി രാജ്യങ്ങളാണ് അവിടെയ്ക്ക് സഹായങ്ങൾ എത്തിച്ചുകൊണ്ട് ഇരിക്കുന്നത്. ഓപ്പറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് രണ്ട് എൻ ഡി ആർ എഫ് സംഘം തുർക്കിയിലെത്തിയിരുന്നു, ഏഴ് വാഹനങ്ങൾ, 5 സ്ത്രീകൾ അടക്കം 101 രക്ഷാപ്രവർത്തകരും നാല് പൊലീസ് നായകളുമാണ് ഇതിൽ ഉൾപ്പെടുന്നത്.ഇതിന്റെ ഭാഗമായി രക്ഷാപ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ആർമി വനിതാ സെെനികയ്ക്ക് ചുംബനം നൽകുന്ന തുർക്കി വനിതയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ എ ഡി ജി പി ഔദ്യോഗിക ട്വിറ്ററിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ വി കെയർ’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്.
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,000 കടന്നു. മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് തുടരുകയാണ്. പരമാവധി പേരെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇതിനിടെ,വടക്കൻ സിറിയയിലെ വിമത മേഖലകളിൽ ഇന്നലെ ആദ്യ യു എൻ സഹായ സംഘം എത്തിച്ചേർന്നു. കടുത്ത ശൈത്യം കഴിഞ്ഞ നാല് ദിവസമായി രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.