അയ്യപ്പനല്ല ഇനി ‘ജൂനിയർ ഗന്ധർവ’നാണ്; പുതിയ വിശേഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ, ചിത്രങ്ങൾ കാണാം
മാളികപ്പുറം എന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ പുതിയ ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ഗന്ധർവ ജൂനിയർ എന്ന ചിത്രത്തിന്റെ പൂജയാണ് ഇന്ന് നടന്നത്.ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിവസം ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു. അതും ഏറെ ശ്രദ്ധനേടിയിരുന്നു. സെക്കന്റ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ്വ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലിറ്റിൽ ബിഗ് ഫിലിംസും ജെ എം ഇൻഫോടെയിൻമെന്റും ചേർന്നാണ് ഗന്ധർവ ജൂനിയർ നിർമ്മിക്കുന്നത്.