തുർക്കി ഭൂകമ്പത്തിനിടെ അത്ഭുതകരമായി രക്ഷപെട്ട ആ പിഞ്ചുകുഞ്ഞിന് പേരായി; വളർത്താൻ തയ്യാറായി ‘വല്യമ്മാവൻ’
ഡമാസ്കസ്: തുർക്കിയിലും സിറിയയിലും വൻ നാശനഷ്ടം വിതച്ച ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ട നവജാത ശിശു ഇനി അനാഥയല്ല. തിങ്കളാഴ്ച സിറിയയിലുണ്ടായ ഭൂകമ്പത്തിൽ രക്ഷപ്പെട്ട പൊക്കിൾകൊടി പോലും വേർപെടുത്താത്ത ആ പെൺകുഞ്ഞിന് ‘അയ’ എന്ന് പേരിട്ടു. സിറിയൻ നഗരമായ ജെൻഡെറിസിൽ ഭൂകമ്പ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ദുരന്തത്തിൽ മരിച്ചിരുന്നു. കുടുംബത്തിൽ രക്ഷപ്പെട്ടത് ആ സമയം ജനിച്ച അയ മാത്രം.അറബി ഭാഷയിൽ അയ എന്ന് പറഞ്ഞാൽ അത്ഭുതം എന്നാണ് അർത്ഥം. അതിശക്തമായ ഭൂകമ്പത്തെ അത്ഭുതകരമായി പ്രതിരോധിക്കാൻ കഴിഞ്ഞ കുഞ്ഞിന് ആ പേര് തന്നെ നൽകുകയായിരുന്നു. അടുത്ത ടൗണായ അഫ്രിനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് ആരോഗ്യം വീണ്ടെടുത്താൽ കുഞ്ഞിന്റെ പിതാവിന്റെ അമ്മാവൻ അവളെ വളർത്തും. സല അൽ ബദ്രാൻ എന്ന വല്യമ്മാവൻ കുഞ്ഞിനെ വളർത്താൻ തയ്യാറായി. നിലവിൽ വീട് നഷ്ടപ്പെട്ട് ഒരു ടെന്റിൽ കുടുംബത്തോടൊപ്പം കഴിയുകയാണ് സല.ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തുമ്പോൾ സിറിയയിലെ കൊടുംതണുപ്പിൽ വിറയ്ക്കുന്ന സ്ഥിതിയിലായിരുന്നു കുഞ്ഞ്. കുട്ടിയെ കണ്ടെടുത്തയുടൻ ഒരാൾ തണുപ്പകറ്റാനുള്ള കുപ്പായം അവളെ ധരിപ്പിച്ചു. പിന്നെ അതിവേഗംതന്നെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള കാറിലെത്തിച്ചു. അങ്ങനെ കുഞ്ഞ് അയ രക്ഷപ്പെട്ടു.കുഞ്ഞിന്റെ ചിത്രവും വീഡിയോയും വൈറലായതോടെ ലോകമാകെയുള്ള നിരവധി പേർ അയയെ വളർത്താൻ തയ്യാറായി രംഗത്തെത്തി. കുഞ്ഞിനെ പരിശോധിച്ച ഡോക്ടറുടെ ഭാര്യ അയയ്ക്ക് മുലപ്പാൽ നൽകുകയും ചെയ്തു.