പ്രായം ഇത്രയായിട്ടും കല്യാണം വേണ്ടേവേണ്ട; മകനെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിച്ച് അമ്മ
ബീജിംഗ്: മക്കളുടെ കല്യാണകാര്യത്തിൽ വേവലാതിപ്പെടുന്ന വീട്ടുകാരും നാട്ടുകാരും ഇന്ത്യയിൽ മാത്രമാണുള്ളതെന്നാണ് നമ്മുടെ ധാരണ. എന്നാൽ അത്തരത്തിൽ മക്കൾ ‘പുരനിറഞ്ഞ്’ നിൽക്കുന്നതിൽ ആധിയുള്ള അമ്മമാർ ഇവിടെമാത്രമല്ല അങ്ങ് ചൈനയിലുമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ബീജിംഗിലുള്ള ഒരമ്മ 38കാരനായ തന്റെ മകനെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ തേടി. കാരണം പ്രായം 38ആയിട്ടും വിവാഹത്തിന് ഇപ്പോൾ സമയമായിട്ടില്ല എന്ന് പറയുന്ന മകൻ വാംഗിന് തലയ്ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് അമ്മയുടെ ധാരണ.എല്ലാ ചാന്ദ്ര പുതുവർഷത്തിനും വാംഗിന് ഒരു മാനസികരോഗ വിദഗ്ദ്ധനെ കണ്ട് തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് അമ്മയുടെ മുന്നിൽ തെളിയിക്കേണ്ട അവസ്ഥയാണുള്ളത്. മകൻ വിവാഹം കഴിക്കാത്തതുമൂലം അമ്മയ്ക്ക് നാളുകളായി ഉറക്കമില്ല. ഒരു നടനായും ടെന്നീസ് പരിശീലകനായും ബീജിംഗിൽ പ്രവർത്തിച്ചിട്ടുള്ള വാംഗ് വിവാഹശേഷം ഒരു വീടെടുത്ത് താമസിക്കാനുള്ള വരുമാനം തനിക്കില്ല എന്ന് അഭിപ്രായപ്പെടുന്നു. മാത്രമല്ല വിവാഹത്തിന് വധുവിന്റെ കുടുംബത്തിന് പണം നൽകുന്ന ആചാരം ചൈനയിലുണ്ട്. വിവാഹത്തിന് സമ്മതം മൂളിയാൽ നൽകേണ്ടതാണിത്. ഇക്കാര്യത്തിനും പണമില്ലാത്തതിനാൽ വാംഗ് സമ്മതം മൂളിയില്ല.എന്നാൽ മുൻപുള്ളതിലും ചെറിയൊരു വ്യത്യാസം ഇത്തവണയുണ്ടായി. മകനെ വിവാഹത്തിന് നിർബന്ധിച്ച് മാനസികപ്രശ്നത്തിലായത് താനാണെന്ന് അമ്മ സമ്മതിച്ചു. വാലന്റൈൻ ദിനത്തിനെങ്കിലും മകനെ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് അമ്മ.