എസ് എസ് എൽ വി രണ്ടാം ദൗത്യം വിജയകരം; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ
അമരാവതി: രാജ്യം പുതുതായി നിർമിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിന്റെ (എസ്എസ്എൽവി) രണ്ടാം ദൗത്യം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.18നാണ് എസ്എസ്എൽവി-ഡി 2 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.ഐഎസ്ആർഒയുടെ ഇ.ഒ.എസ്.07, ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സിന്റെ ആസാദി സാറ്റ് 2, അമേരിക്ക ആസ്ഥാനമായുള്ള സ്ഥാപനമായ ആന്റാരിസിന്റെ ജാനസ് -1 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിയത്. ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 334കിലോഗ്രാം. ഇ.ഒ.എസ്.07ന് 200കിലോ. മറ്റ് രണ്ടിനും കൂടി 134കിലോ.പൂർത്തിയാകാത്ത ആദ്യ ദൗത്യത്തിന്റെ പിഴവുകൾ ആറുമാസത്തിനകം തിരുത്തി വീണ്ടും വിക്ഷേപിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ആദ്യമാണ്. ആദ്യ വിക്ഷേപണത്തിലെ ഇന്ധനക്ഷമത,റോക്കറ്റ് ഘട്ടങ്ങളുടെ വേർപെടലുകൾ,ഗതിനിർണയ സംവിധാനം, സോഫ്റ്റ് വെയർ, ഉപഗ്രഹങ്ങളുടെ പുറംതള്ളൽ തുടങ്ങിയവയെല്ലാം വിലയിരുത്തിയിരുന്നു. റോക്കറ്റിന്റെ മൂന്നാം സ്റ്റേജിലുണ്ടായ കുലുക്കവും അതുമൂലം ഗതി നിയന്ത്രണ സംവിധാനത്തിലുണ്ടായ മാറ്റവുമായിരുന്നു ആദ്യ ഘട്ടത്തിൽ ദൗത്യം പരാജയപ്പെടാൻ കാരണം. ഇതെല്ലാം പരിഹരിച്ചാണ് രണ്ടാം വിക്ഷേപണം.കഴിഞ്ഞ വർഷം ആഗസ്റ്റ് 7നായിരുന്നു ആദ്യ വിക്ഷേപണം.137 കിലോഗ്രാമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ് 02, ‘സ്പേസ് കിഡ്സ് ഇന്ത്യ’ വിദ്യാർത്ഥികൾ നിർമ്മിച്ച ‘ആസാദി സാറ്റ്’ എന്നിവയാണ് അന്ന് നഷ്ടമായത്. പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്ക് ശേഷമാണ് ഐ.എസ്.ആർ.ഒ.ഹ്രസ്വ ദൂര റോക്കറ്റ് നിർമ്മിക്കുന്നത്. 10 മുതൽ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള റോക്കറ്റാണിത്. പി.എസ്.എൽ.വി.വിക്ഷേപണത്തിന് ഒരുക്കാൻ ഒന്നരമാസം വേണം. എസ്.എസ്.എൽ.വി.ക്ക് ഒരാഴ്ച മതി. ചെലവ് കുറവും ലാഭം കൂടുതലുമാണ്.