ബി ജെ പി മന്ത്രി ജനമദ്ധ്യത്തിൽ വസ്ത്രം അഴിച്ചു; വീഡിയോ പ്രചരിച്ചതോടെ കാരണം അറിഞ്ഞ് ഞെട്ടി ജനം
ഭോപ്പാൽ: ബി ജെ പി മന്ത്രി ജനമദ്ധ്യത്തിൽ വസ്ത്രം അഴിച്ച് ശരീരം കഴുകി. അശോക് നഗർ ജില്ലയിലെ മുങ്കോളിയിലാണ് സംഭവം നടന്നത്. ബി ജെ പിയുടെ വികാസ് രഥയാത്രക്കിടെ മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെ ചൊറിയുന്ന പൊടി എറിയുകയായിരുന്നു.ചൊറിച്ചിൽ രൂക്ഷമായതിന് പിന്നാലെ ബ്രജേന്ദ്ര സിംഗ് ജനമദ്ധ്യത്തിൽ തന്റെ കുർത്ത ഊരി കഴുകി. ഇത് ചിലർ ഫോണിൽ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു
രണ്ട് ദിവസം മുൻപ് വികാസ് രഥയാത്രക്കിടെ ഗോഹ്ലാരി ഗ്രാമത്തിലെത്തിയപ്പോൾ ബി ജെ പിയുടെ വാഹനം റോഡിൽ കുടുങ്ങിയിരുന്നു. ഇതിനെ തുടർന്ന് യാത്ര നയിച്ച പ്രാദേശിക ബി ജെ പി എം എൽ എ ദേവേന്ദ്ര വർമയും ഗ്രാമത്തലവനും തമ്മിൽ തർക്കം ഉണ്ടായി.പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റർ റോഡ് പോലും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് വികാസ് യാത്ര നടത്തുന്നതെന്നും മുൻ ഗ്രാമത്തലവൻ ചോദിച്ചു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞങ്ങൾ കോൺഗ്രസാണ് മോശമെന്നാണ് കരുതിയത് എന്നാൽ ബി ജെ പി അതിനേക്കാൾ മോശമാണെന്നും അദ്ദേഹം പറഞ്ഞു. നല്ല റോഡുകൾ ലഭിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ലെന്നും മുൻ ഗ്രാമത്തലവൻ പറയുന്നുണ്ട്.ഞായറാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് വികാസ് രഥ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 25 വരെ ഈ യാത്ര തുടരും. സംസ്ഥാന സർക്കാരിന്റെ വികസന നയം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുകയാണ് വികാസ് യാത്രയുടെ ലക്ഷ്യമായി ബി ജെ പി പറയുന്നത്. ഈ യാത്രകളിൽ സർക്കാർ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും.