‘ഭാവിയുടെ പെട്രോൾ’ ഇന്ത്യയിൽ! രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം ജമ്മു കാശ്മീരിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാരിന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി : രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം ജമ്മു കാശ്മീരിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ് ലിഥിയം. ഇതിനാൽ തന്നെ ഭാവിയുടെ പെട്രോൾ എന്ന വിശേഷണമുള്ള ലോഹമാണ് ലിഥിയം. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ സലാൽഹൈമാന മേഖലയിലാണ് വൻ ലോഹ നിക്ഷേപം ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ(ജിഎസ്ഐ)യുടെ പഠനത്തിൽ കണ്ടെത്തിയത്. കേന്ദ്ര ഖനി മന്ത്രാലയമാണ് രാജ്യത്തിനാകെ അഭിമാനമായ വെളിപ്പെടുത്തൽ നടത്തിയത്.
അപൂർവ ലോഹങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നടത്തിയ പഠനത്തെ കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ പതിനൊന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന
51 മിനറൽ ബ്ലോക്കുകളെ കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ സ്വർണ നിക്ഷേപമുള്ള അഞ്ച് ബ്ളോക്കുകളും ഉൾപ്പെടുന്നു. 7897 ദശലക്ഷം ടൺ ശേഷിയുള്ള കൽക്കരി, ലിഗ്നൈറ്റ് ഖനികളെ കുറിച്ചുള്ള 17 റിപ്പോർട്ടുകളും ജിഎസ്ഐ കൽക്കരി മന്ത്രാലയത്തിന് കൈമാറി.
1851ലാണ് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (ജിഎസ്ഐ) സ്ഥാപിതമായത്. രാജ്യത്തെ കൽക്കരി നിക്ഷേപം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. കാലക്രമേണ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു ജിയോസയന്റിഫിക് സ്ഥാപനമായി ഉയർന്ന സർവേ ഒഫ് ഇന്ത്യ രാജ്യത്തെ അഭിമാന സ്ഥാപനമാണ്.