പാലക്കാട് നഗരത്തിലെ ടയർ കടയിൽ അഗ്നിബാധ; തീയണയ്ക്കാൻ ശ്രമം തുടരുന്നു
പാലക്കാട്: പാലക്കാട് ടൗണിൽ മഞ്ഞക്കുളം മാർക്കറ്റ് റോഡിൽ ടയർ കടയ്ക്ക് തീപിടിച്ചു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം കടയിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. രണ്ടുനില കെട്ടിടത്തിലാണ് ടയർ കട പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിൽ ടയർ റിപ്പയറിംഗും മുകളിലത്തെ നിലയിൽ ഗോഡൗണുമായിരുന്നു. ഇതിൽ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തിനശിച്ചു.കഴിഞ്ഞ ദിവസം ഗോഡൗണിൽ കൂടുതൽ ടയറുകൾ എത്തിച്ചിരുന്നു. ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൂടാതെ സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇടുങ്ങിയ റോഡായതിനാൽ ഒരു ഫയർ ഫോഴ്സ് യൂണിറ്റിന് മാത്രമാണ് ആദ്യം എത്താനായത്. പിന്നീട് നാല് യൂണിറ്റുകൾ കൂടി എത്തി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.