തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കണം : ഡോ.ജിജു പി അലക്സ്
കാസര്‍കോട് :മികച്ച വാര്‍ഷിക പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി കേരളത്തിന് സാമ്പത്തികമായി വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലയെന്ന് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ ജിജു പി അലക്സ് പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2023 – 24 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വികസനത്തിന് സഹായകമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നല്കിയ മാര്‍ഗനിര്‍ദേശങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിന്റെ 42 ശതമാനം പദ്ധതി വിഹിതവും വിനിയോഗിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ്. അതിനാല്‍ കേരളത്തിന്റെ സാമ്പത്തികമായ വികാസത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തിയും മുന്നേറാന്‍ ആവണം. ഇതിന് സഹായകമായ വാര്‍ഷിക പദ്ധതികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കണം. ഉത്പാദന മേഖലയില്‍ നേട്ടം കൈവരിക്കേണ്ടതും സാമ്പത്തികമായി പുരോഗമിക്കേണ്ടത് കേരളത്തിന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്. ഇതിനാവശ്യമായ സാഹചര്യമൊരുക്കുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി മാതൃകാപരമാണ്. എല്ലാ സ്ഥാപനങ്ങളിലും സൗരോര്‍ജം ഉപയോഗിക്കുന്നതിനുള്ള ഊര്‍ജ്ജമേഖലയിലെ ഇടപെടല്‍, നീര്‍ത്തട വികസന പദ്ധതി, വ്യവസായ ഇന്‍ക്യുബേഷന്‍ സെന്റര്‍, ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി, നൈപുണ്യ വികസനത്തിനു കൂടി ഉപകരിക്കുന്ന ദര്‍പ്പണം പദ്ധതി, സീറോ വേസ്റ്റ് കാസര്‍കോട് എന്നിവയെല്ലാം മറ്റു ജില്ലകള്‍ക്കു കൂടി മാതൃകയാക്കാവുന്ന പദ്ധതികളാണ്. ഈ പദ്ധതികള്‍ക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് എല്ലാ സഹായവും നല്‍കുമെന്നും ഡോ.ജിജു പി അലക്സ് പറഞ്ഞു. നൂതന പദ്ധതികള്‍ കൂടി പരിഗണിക്കുന്ന വിധത്തില്‍ പരമ്പരാഗത ഓഡിറ്റ് സമ്പ്രദായം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വികസന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുബാറക് പാഷ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്സേന എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉപഹാരം നല്കി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകൃഷ്ണന്‍ 2022-23 വര്‍ഷത്തെ പദ്ധതി അവലോകനം നടത്തി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്മാന് കെ.ബാലകൃഷ്ണന് 2023-23 വര്‍ഷത്തെ കരട് പദ്ധതി അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡണ്ട് സിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് എം.ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ.രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.പി.വത്സലന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ സെക്രട്ടറി അഡ്വ.എ.പി.ഉഷ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ, ജില്ലാ ആസൂത്രണ സമിതി (സര്‍ക്കാര്‍ നോമിനി) അഡ്വ.സി.രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍.സരിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.എം.അശോകന് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന് സ്വാഗതവും പ്ലാന്‍ ഫെസിലിറ്റേറ്റര്‍ എച്ച്.കൃഷ്ണ നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.