കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് തെറ്റായ പ്രചാരണം, ഇന്ധന വില കൂട്ടിയവർ ഇപ്പോൾ സമരം ചെയ്യുന്നു. സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയ്ക്ക് സെസ് ഏർപ്പെടുത്തിയതിനെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇന്ധനവില തരാതരം കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് ഇപ്പോൾ പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെസ് ഏർപ്പെടുത്തേണ്ടി വന്ന സാഹചര്യം സഭയിൽ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനം മുഖവിലയ്ക്ക് എടുക്കില്ല. ബഡ്ജറ്റ് നിർദ്ദേശങ്ങൾക്ക് മുകളിൽ കൃത്യമായ മറുപടി നിയമസഭയിൽ പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റിലയൻ,സിന് വേണ്ടി രണ്ടാം യു.പി.എ ഭരണകാലത്ത് മന്ത്രിമാരെ വരെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ്. 2015ലെ ബഡ്ജറ്റിൽ യു.ഡി.എഫ് സർക്കാർ ഒരു രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതിയെപ്പറ്റി തെറ്റായ കാര്യങ്ങൾ ബഡ്ജറ്റിന് മുൻപും ഇപ്പോഴും പ്രചരിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധനധൂർത്താണെന്നും പ്രതിപക്ഷവും മാദ്ധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്.കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജി.ഡി.പിയുടെ 38.51 ശതമാനമായിരുന്നു. ആകെ കടം 2021-22ൽ അത് 37.01 ശതമാനമായി കുറഞ്ഞു. 2022-23ലെ കണക്ക് പ്രകാരം അത് 36.38 ശതമാനമായി.കൊവിഡ് കാലത്ത് സർക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടായിരുന്നു, ആ സാഹചര്യത്തിൽ കടം വർദ്ധിച്ചത് സ്വാഭാവികമാണ്. കേരളത്തിൽ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോൾ വരുമാന ംനിലയ്ക്കുമ്പോൾ അസാധാരണ സാമ്പത്തിക സാഹചര്യമാവും, അതാണ് കൊവിഡ് കാലത്തുണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തിൽ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയർന്നത്. കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വർഷത്തിൽ 13 ശതമാനം കടത്തിന്റെ വളർച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളർച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളർച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി