വായ്പാ കുടിശിക; വീടും സ്ഥലവും അളന്ന് കുറ്റിയടിച്ച് ബാങ്കുകാർ; ഗൃഹനാഥൻ ജീവനൊടുക്കി
കോട്ടയം: വെെക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ(61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രുപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ഇന്ന് രാവിലെ കാർത്തികേയന്റെ വീടും സ്ഥലവും അളന്നിരുന്നു.ബാങ്ക് ഉദ്യോഗസ്ഥർ പോയതിനു പിന്നാലെയാണ് കാർത്തികേൻയൻ ആത്മഹത്യ ചെയ്തത്. ബാങ്കിന്റെ സമ്മർദ്ദമാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണന്ന് പൊലീസ് അറിയിച്ചു.2014ൽ എടുത്ത വായ്പാത്തുക പലിശയടക്കം ഉയർന്ന് 17ലക്ഷമായിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിലാണ് ബാങ്ക് അധികൃതർ ഇന്ന് രാവിലെ കാർത്തികേയന്റെ വീട്ടിൽ എത്തിയത്. ജപ്തിയുടെ ആദ്യഘട്ട നടപടികളാണ് തുടങ്ങിയത്. സ്ഥലം അളന്ന ശേഷം അധികൃതർ കുറ്റിയടിച്ച് കയർ കെട്ടി തിരിച്ചു. ഈ സമയം കാർത്തികേയൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇദ്ദേഹം ബാങ്ക് ജീവനക്കാരോട് സൗഹാർദ്ദപരമായാണ് സംസാരിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥാർ പറഞ്ഞു. ഇവർ പോയതിന് പിന്നാലെയായിരുന്നു കാർത്തികേയൻ ജീവനൊടുക്കിയത്. പിന്നീട് വന്ന ഭാര്യയും മകളുമാണ് മൃതദേഹം കണ്ടെത്തിയത്.