കോട്ടയത്ത് മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: ബൈക്കും ടാങ്കറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം മരങ്ങാട്ടുപിള്ളി ടൗണിലായിരുന്നു സംഭവം. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി ആണ് മരിച്ചത്. മരുമകൻ പള്ളിക്കത്തോട് അരവിക്കുഴി സ്വദേശി ജിമ്മിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു അപകടം.പാലായിലെ ഗ്യാസ് ഏജൻസി ജീവനക്കാരിയായിരുന്നു സോഫി. ഇവരെ ജോലിക്കുകൊണ്ടുപോകുകയായിരുന്നു ജിമ്മി. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിലായി ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ജിമ്മിയും സോഫിയും എതിർദിശയിൽ നിന്നുവന്ന കാറിനും ലോറിയ്ക്കും മറ്റൊരു കാറിനും ഇടയിൽപ്പെടുകയായിരുന്നു.ബൈക്കിൽ കുടുങ്ങിയ ജിമ്മിയെയും സോഫിയെയും മുന്നിലുണ്ടായിരുന്ന രണ്ട് കാറുകളെയും ഏറെദൂരം മുന്നോട്ടു നിരക്കിനീക്കികൊണ്ടുപോയതിനുശേഷമാണ് ടാങ്കർ ലോറി നിർത്തിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലോറിയ്ക്ക് അടിയിൽപ്പെട്ട സോഫി സംഭവസ്ഥലത്തുതന്നെ മരിച്ചു. ജിമ്മിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.