വാതിൽ കുത്തിത്തുറന്ന് ആളില്ലാത്ത വീട്ടിൽ കയറി ഷേവ് ചെയ്തു, ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് കള്ളൻ മടങ്ങി; സംഭവം കോട്ടയത്ത്
കോട്ടയം: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ഷേവ് ചെയ്ത ശേഷം ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് മടങ്ങി. വൈക്കത്താണ് സംഭവം. കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട് കുത്തിത്തുറന്നാണ് കള്ളൻ അകത്ത് പ്രവേശിച്ചത്. കൈയിൽ ചെറിയ മൺവെട്ടിയുമായാണ് മോഷ്ടാവ് എത്തിയത്.വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽ പ്രവേശിച്ചെങ്കിലും മോഷ്ടിക്കാൻ പാകത്തിന് ഒന്നും തന്നെ കള്ളന് ലഭിച്ചില്ല. ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലിൽ കൊണ്ടുവച്ച് കഴിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മുറിയിലാകെ രോമം പടർന്ന് കിടക്കുന്നതിനാൽ കള്ളൻ ഷേവ് ചെയ്ത ശേഷമാണ് കടന്നതെന്നും പൊലീസ് അനുമാനിക്കുന്നു.മുറിയിൽ തുണികളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. സമീപത്തുള്ള വീടിന് ചുറ്റും കള്ളൻ കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ വീടിന്റെ പുറത്തുണ്ടായിരുന്ന ചില സാധനങ്ങൾ കളവ് പോയിട്ടുണ്ട്.