മുടി നേരെയാക്കാൻ പ്രമുഖ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചവരിൽ കാൻസർ ബാധ, ഇതുവരെ ലഭിച്ചത് അറുപതോളം പരാതികൾ
ഷിക്കാഗോ: ലോറിയൽ കമ്പനിയുടെ കേശ അലങ്കാരത്തിനുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരിൽ കാൻസർ പിടിപെടുന്നു എന്ന റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അറുപതോളം പേർ ഷിക്കാഗോയിലുടനീളമുള്ള കോടതികളിൽ കേസ് ഫയൽ ചെയ്തു. ലോറിയലിനും അവരുടെ അനുബന്ധ കമ്പനികൾക്കും എതിരെയാണ് നിയമനടപടികൾക്ക് ഉപഭോക്താക്കൾ ഒരുങ്ങുന്നത്. മുടി ടെക്സ്ചർ ചെയ്ത് നേരെയാക്കുന്നതിനായി ഉത്പന്നങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്നും, കമ്പനിക്ക് അപകടകരമായ രാസവസ്തുക്കളെക്കുറിച്ച് അറിയാമായിരുന്നുവെന്നും, ഇത് മറച്ച് വച്ച് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുകയായിരുന്നുവെന്നും കേസ് നൽകിയവർ ആരോപിക്കുന്നു. വിവിധ കോടതികളിൽ നൽകിയിട്ടുള്ള കേസുകൾ ഒരിടത്തേക്ക് കേന്ദ്രീകരിക്കും.കെമിക്കൽ ഹെയർ സ്ട്രഗ്തനിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗർഭാശയ അർബുദത്തിന് ഇടയാക്കുന്നു എന്ന് കഴിഞ്ഞ വർഷം നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് പരാതികൾ ഉയർന്നത്. ജെന്നി മിച്ചൽ എന്ന യുവതിയാണ് ആദ്യം പരാതി നൽകിയത്. കഴിഞ്ഞ ഇരുപത് കൊല്ലമായി ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും അർബുദത്തെ തുടർന്ന് ഗർഭാശയം എടുത്തുമാറ്റേണ്ടി വന്നുവെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.അമേരിക്കയിൽ കറുത്ത വർഗക്കാരായ സ്ത്രീകൾക്കിടയിൽ ഗർഭാശയ അർബുദം ഗണ്യമായി വർദ്ധിക്കുന്നതാണ് പഠനത്തിലേക്ക് നയിച്ചത്. ചുരുണ്ട മുടിക്കാരായ ഇവർ കേശ സംരക്ഷണത്തിനായി സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫ്രഞ്ച് കോസ്മെറ്റിക് കമ്പനിയാണ് ലോറിയൽ. എന്നാൽ തങ്ങളുടെ ഉത്പന്നങ്ങൾക്കെതിരെ പരാതി ഉയരുമ്പോഴും ആരോപണങ്ങളിൽ കഴമ്പില്ലെന്നും, തങ്ങളുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷയിൽ ആത്മവിശ്വാസമുണ്ടെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.