കാസര്‍കോട്: ക്യാന്‍സര്‍ ചികിത്സക്കിടെ മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി സ്വന്തം മുടി ദാനം ചെയ്ത് ഒന്നാം ക്ലാസുകാരി ലോക ക്യാന്‍സര്‍ ദിനത്തിൽ സാമൂഹ്യ പ്രതിബദ്ധയുടെ പുത്തന്‍ മാതൃക തീര്‍ത്തു.മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസര്‍ വലിയപറമ്പ് കന്നുവീട് കടപ്പുറത്തെ സുഭാഷിന്റെയും ലാവണ്യയുടെയും തൃക്കരിപ്പൂര്‍ കൂലേരി ജി.എ.പി സ്കൂളിലെ ഒന്നാംക്ലാസ്സ് വിദ്യാത്ഥിനി അന്മയയാണ് നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന് ഹെയര്‍ ബാങ്കിന് തന്റെ പത്തിഞ്ച് മുടി ദാനം ചെയ്തത്. ഹെയര്‍ ബാങ്കിന് വേണ്ടി മഞ്ചേശ്വരം സ്റ്റേഷനിലെ ടെലികമ്മ്യൂണിക്കേഷന്‍ സിവിൽ പോലീസ് ഓഫീസറായ രാജീവന് മുടി ഏറ്റുവാങ്ങി.പൊന്നുപോലെ നോക്കിവളര്‍ത്തിയ മുടിയാണ് തന്റെ സൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്കപോലുമില്ലാതെ ഈ കുരുന്ന് മുറിച്ചു നൽകിയത് ക്യാന്‍സര്‍ ചികിത്സക്കിടെ മുടിക്കൊഴിയുന്ന രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ ഇത് സഹായകരമാകും.മനുഷ്യ സ്നേഹത്തിന്റെ മഹാമനസ്സുള്ളവര്ക്ക് മാത്രമേ ഇത്തരം മഹത് കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയൂ.മനുഷ്യര്‍ മനുഷ്യനെ തിരിച്ചറിയാത്ത ഈ കാലത്ത് ഇത്തരം നന്മയുടെ വാര്‍ത്തകള്‍ വരുന്നത് ശുഭ പ്രതീക്ഷകള്‍ നകുന്നതാണ്.മഹാദുരിതത്തിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കുവാന്‍ തോന്നിയ ഈ പൊന്നുമനസ്സിനെ നാടും നാട്ടാരും പ്രകീര്‍ത്തിക്കുകയാണ്. സിവിൽ പോലീസ് ഓഫീസറായ സുഭാഷ് രുദ്രസേന എന്ന രക്തദാനഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് അംഗംകൂടിയാണ്.ഭാര്യ ലാവണ്യയും നേരത്തെ തന്നെ തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി നൽകിയിട്ടുണ്ട്.